ചെന്നൈയിൽ ജല്ലിക്കെട്ട് നടത്തുമെന്ന് പ്രഖ്യാപിച്ച് കമൽഹാസൻ
ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തിൽ നടൻ കമൽ ഹാസൻ തന്‍റെ തമിഴ്‌വീര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നടക്കുന്ന ജെല്ലിക്കെട്ട് ചെന്നൈയിൽ നടത്തുമെന്ന് കമൽ പ്രഖ്യാപിച്ചു.
“ജെല്ലിക്കെട്ട് ചെന്നൈയിൽ നടത്തണമെന്നാണ് എന്‍റെ ആഗ്രഹം. ഞാൻ അതിനുള്ള തയ്യാറെടുപ്പിലാണ്. വേദി ഉടൻ പ്രഖ്യാപിക്കും,” വെള്ളിയാഴ്ച ചെന്നൈയിൽ മക്കൾ നീതിമയ്യം പാർട്ടി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽ ഹാസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജെല്ലിക്കെട്ടിനായി വലിയ പ്രക്ഷോഭം നടന്ന ചെന്നൈയിലെ മറീന ബീച്ചിൽ മത്സരം നടത്താനാണ് കമൽ ഹാസൻ ആഗ്രഹിക്കുന്നത്. അധികൃതരുടെ അനുമതി ലഭിച്ചാലുടൻ തയ്യാറെടുപ്പുകൾ ആരംഭിക്കും. തമിഴ്നാട്ടിലെ പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന്‍റെ സൗന്ദര്യവും മഹത്വവും നഗരത്തിലെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും കമൽ പറഞ്ഞു.