കേന്ദ്രത്തിന്റെ വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്നവരെ തൊഴിലാളികളായി അംഗീകരിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി
കട്ടപ്പന : കേന്ദ്രത്തിന്റെ വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്നവരെ തൊഴിലാളികളായി അംഗീകരിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി. സ്‌കീം വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) നേതൃത്വത്തില്‍ അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അങ്കണവാടി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ്, ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ എന്നിവര്‍ നാമമാത്ര വേതനത്തിലാണ് ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കി സമരം ചെയ്യുന്നവരുടെ വേതനം വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രവും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വിവിധ സര്‍വേകള്‍ക്കായി നിയമിക്കപ്പെടുമ്പോള്‍ കിലോമീറ്ററുകളോളം നടന്ന് ജോലി ചെയ്യേണ്ട ഗതികേടാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കെ പി മേരി ആവശ്യപ്പെട്ടു.
ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സിന്ധു വിനോദ് അധ്യക്ഷയായി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, സിഐടിയു ജില്ലാ കമ്മിറ്റിയംഗം എം സി ബിജു, സിപിഐ എം ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ്, പാചക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി പി രാജാറാം, സെക്രട്ടറി ചിന്നമ്മ തങ്കച്ചന്‍, അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനിത റെജി, ജില്ലാ സെക്രട്ടറി ടി ഒ അമ്മിണി, ട്രഷറര്‍ എന്‍ ശോഭന എന്നിവര്‍ സംസാരിച്ചു.
തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, കുറഞ്ഞ വേതനം 26,000 രൂപയാക്കി വര്‍ധിപ്പിക്കുക, പെന്‍ഷന്‍, പിഫ്, ഗ്രാറ്റുവിറ്റി, ഇഎസ്‌ഐ എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ ആശ വര്‍ക്കേഴ്‌സ് യൂണിയന്‍, അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍, സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് അസോസിയേഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എംപ്‌ളോയീസ് യൂണിയന്‍ എന്നീ സംഘടനകളിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.