2022 മിസ് കേരള കിരീടം ലിസ് ജയ്മോൻ ജേക്കബിന്
കൊച്ചി: ലിസ് ജെയ്മോൻ ജേക്കബിനെ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി തിരഞ്ഞെടുത്തു. കെ സാംഭാവി ഫസ്റ്റ് റണ്ണർ അപ്പായും നിമ്മി കെ പോൾ സെക്കൻഡ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ് കേരളയ്ക്കു പുറമെ മിസ് ടാലന്റഡ്, മിസ് വോയിസ്, മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ബ്യൂട്ടിഫുൾ സ്മൈല്‍, മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ഫോട്ടോജെനിക് എന്നിവരെയും മത്സരത്തിൽ തിരഞ്ഞെടുത്തു.
കൊച്ചിയിലെ മെറിഡിയൻ കൺവെൻഷൻ സെന്ററിലാണ് സൗന്ദര്യമത്സരം നടന്നത്. വിവിധ മേഖലകളിൽ നിന്നുമുള്ള 24 യുവതികളാണ് അവസാന ഘട്ടത്തിൽ മത്സരിച്ചത്. രാവിലെ 9 മണിക്കാണ് മത്സരം ആരംഭിച്ചത്. സാരി റൗണ്ട് വിത്ത് ഇന്ട്രഡക്ഷന്, ഇന്‍ഡോ-വെസ്റ്റേണ്‍ കോസ്റ്റ്യൂമില്‍ ക്വസ്റ്റ്യന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റ്യന്‍ റൗണ്ട് എന്നിവയായിരുന്നു അവസാന റൗണ്ടുകൾ.
നിരവധി റൗണ്ട് സ്ക്രീനിംഗുകൾക്കും ഓഡിഷനുകൾക്കും ശേഷം മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മിസ് കേരള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട 24 പേരെയും ഫൈനലിനു മുമ്പ് 7 ദിവസത്തെ പരിശീലനത്തിനു ശേഷമാണ് വേദിയിലേക്ക് കൊണ്ടുവന്നത്. നീതു ജയപ്രകാശാണ് ഔദ്യോഗിക മേക്കപ്പ് പാർട്ണർ. ഫാഷൻ ഡിസൈനർ ജിഷാദ് ഷംസുദ്ദീനാണ് ഫൈനലിസ്റ്റുകളെ അണിയിച്ചൊരുക്കിയത്. മുൻ മിസ് ഇന്ത്യ പ്രിയങ്ക ഷാ മത്സരാർത്ഥികൾക്ക് ഗ്രൂമിംഗ്, പരിശീലനം, ഫാഷൻ കൊറിയോഗ്രാഫി എന്നിവ നൽകി.