കുട്ടികളുടെ വലിയ മനസ്സ്! ഭക്ഷ്യധാന്യവുമായ് വന്ന കുരുന്നുകൾക്ക് കലക്ടറുടെ അഭിനന്ദനം
ആലപ്പുഴ : സ്വന്തം വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യധാന്യ പൊതികളുമായ് തന്നെ കാണാനെത്തിയ കുട്ടികളെ അഭിനന്ദിച്ച് ചേർത്ത് നിർത്തി ആലപ്പുഴ കലക്ടർ വി.ആർ കൃഷ്ണതേജ. ധാന്യപൊതികൾ അർഹതപെട്ടവരെ ഏൽപ്പിക്കണം എന്നായിരുന്നു കുരുന്നുകളുടെ ആവശ്യം.
പറയകാട് ഗവ. യു.പി സ്കൂളിലെ എൽ.കെ.ജി മുതലുള്ള വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാവിലെ പ്രിയപ്പെട്ട കലക്ടർ മാമനെ കാണാനെത്തിയത്. എന്നെ കാണാൻ എത്തിയ വലിയ മനസ്സുള്ള കുട്ടികളെ ഞാൻ പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ സംഭവം പങ്കുവെച്ചത്. അവരെക്കാൾ വലിയ സഞ്ചിയുമായ് എത്തിയവരെ കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
അർഹതപ്പെട്ടവർക്ക് ഇതെല്ലാം നൽകണമെന്ന് പറഞ്ഞുകൊണ്ട് ഒന്നാം ക്ലാസ്സുകാരനാണ് മുന്നോട്ടു വന്നത്. ചെറിയ പ്രായത്തിലെ വലിയ പ്രവർത്തിയുടെ നന്മ എല്ലാവരും മാതൃകയാക്കണമെന്ന് പറഞ്ഞ അദ്ദേഹം കുട്ടികളുടെ അധ്യാപകരെയും അഭിനന്ദിച്ചു. കുട്ടികളുടെ ആഗ്രഹപ്രകാരം ധാന്യപൊതികൾ അദ്ദേഹം അർഹരായവരെ ഏൽപ്പിക്കുകയും ചെയ്തു.