പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നവരാകണം:മാർ ജോസ് പുളിക്കൽ
ഈശോമിശിഹായാകുന്ന പ്രകാശത്തെ ജീവിതസാക്ഷ്യത്തിലൂടെ പ്രതിഫലിപ്പിക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പളളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പ്രകാശത്തെ ഹൃദയപൂർവം സ്വീകരിച്ച് ഇരുളിനെ അകറ്റുകയും ലൗകിക താത്പര്യങ്ങളുടെ നുറുങ്ങു വെട്ടത്തിൽ വഴി നടക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്യുവാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദനഹാ തിരുനാളിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ നടത്തപ്പെട്ട റംശ നമസ്കാരത്തിൽ വചനസന്ദേശം നല്കുകയായിരുന്നു മാർ ജോസ് പുളിക്കൽ . റംശ നമസ്കാരത്തോടനുബന്ധിച്ച് പള്ളിമുറ്റത്ത് തയ്യാറാക്കിയിരുന്നു പിണ്ടിയിൽ മാർ ജോസ് പുളിക്കൽ ദീപം തെളിക്കുകയും വിശ്വാസസമൂഹം ഏൽ പയ്യാ , ദൈവം പ്രകാശമാകുന്നുവെന്ന ഗീതമാലപിക്കുകയും ചെയ്തു.ഏറ്റവും മനോഹരമായി ദനഹാത്തിരുനാൾ ആചരണത്തിൽ പങ്കുചേരുന്ന ഭവനങ്ങളെയും പള്ളികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിശ്വാസജീവിതപരിശീലനകേന്ദ്രത്തിന്റെയും നസ്രാണിമാർഗം കൂട്ടായ്മയുടെയും നേതൃത്വത്തിൽ രൂപതാ തലത്തിൽ ‘ഓർമ്മയിലെ ദനഹാ’ എന്ന പേരിൽ പ്രൊജക്റ്റ് നടപ്പിലാക്കിയിരുന്നു. പഴയ പള്ളിയിലെ തിരുനാൾ തിരുക്കർമ്മങ്ങളിൽ രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, കത്തീദ്രൽ വികാരി റവ.ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, റവ.ഫാ. ഇമ്മാനുവേൽ മങ്കത്താനം, റവ. ആൻഡ്രൂസ് പേഴുംകാട്ടിൽ, റവ.ഫാ. ജോസ് വൈപ്പിൻ മഠം, ഫാ. ജോർജ് കുഴുപ്പള്ളി ൽ,സന്യാസിനികൾ , കത്തീദ്രൽ എസ് എം. വൈ എം, ഇടവക പ്രതിനിധികൾ എന്നിവർ നേതൃത്വം നല്കി.