ബഫര്‍സോണ്‍: ഫീല്‍ഡ് സര്‍വെ പുരോഗതിമന്ത്രി റോഷി അഗസ്റ്റിന്‍ അവലോകനം ചെയ്തു
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബഫര്‍സോണ്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതി അവലോകനം ചെയ്തു. ജില്ലയില്‍ ബഫര്‍ സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മുന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ മികച്ച രീതിയിലാണ്
ഫീല്‍ഡ് സര്‍വേ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്‍ യോഗത്തിന്റെ തീരുമാന പ്രകാരം സിസിഎഫ് റാങ്കിലുള്ള അരുണ്‍ ആര്‍. എസ് നെ സ്‌പെഷ്യല്‍ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ അപ്ലിക്കേഷനിലുണ്ടായ സാങ്കേതിക തടസ്സം ഒറ്റ ദിവസം കൊണ്ട് പരിഹരിച്ചെന്നും ഫീല്‍ഡില്‍ ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംരക്ഷിത വനം പരിസ്ഥിതി ലോല മേഖലയുടെ ഭാഗമല്ല. വന്യജീവി സങ്കേതം, ദേശീയ ഉദ്യാനം എന്നിവയാണ് ബഫര്‍ സോണില്‍ ഉള്‍പ്പെടുകയുള്ളൂവെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി ലോല മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ പ്രസിഡന്റുമാരും അതത് ഡി. എഫ്. ഒ മാരും ലഭിച്ച പരാതികളുടെയും ഇത് വരെ പൂര്‍ത്തിയാക്കിയതും നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഫീല്‍ഡ് സര്‍വെ പുരോഗതിയും യോഗത്തില്‍ വിശദീകരിച്ചു. പെരിയാര്‍ – 6637, ഇടുക്കി – 8124, മൂന്നാര്‍- 4998 എന്നിങ്ങനെ ആകെ 19,789 പരാതികളാണ് ലഭിച്ചത്. അപേക്ഷ നല്‍കാന്‍ സാധിക്കാത്ത ആളുകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. ആരെങ്കിലും വിട്ടു പോയിട്ടുണ്ടോയെന്നും വകുപ്പ് തല പരിശോധന നടത്തിയ ശേഷം മാത്രമേ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുള്ളൂ എന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. 33 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന ഇടുക്കി റിസര്‍വോയറിന്റെ മാക്‌സിമം ഫ്‌ലഡ് ലെവല്‍ ‘0’ ബഫറായി കണക്കാക്കും. ഓരോ പ്രദേശത്തിന്റെയും അതിര്‍ത്തി കൃത്യമായി പഠിച്ചു നിര്‍ണ്ണയിക്കും. രണ്ട് ദിവസം കൂടുമ്പോള്‍ ജില്ലാ കളക്ടര്‍ക്ക് ഫീല്‍ഡ് സര്‍വേയുടെ പുരോഗതി അറിയിക്കണം. ജില്ലയില്‍ ശരാശരി 65 ശതമാനം ഫീല്‍ഡ് സര്‍വെയും പൂര്‍ത്തിയായി. ഇത് അഭിനന്ദാനാര്‍ഹമാണ്. സര്‍വ്വെയില്‍ സഹകരിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ജനുവരി 7 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കുറ്റമറ്റ റിപ്പോര്‍ട്ടിനൊപ്പം സുപ്രീം കോടതിയില്‍ വിശദമായ സര്‍വേ റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ച മൂന്നാമത്തെ യോഗമാണ് ഇന്നലെ ചേര്‍ന്നത്. ഡിസം. 19 ന് ആദ്യ യോഗവും 29 ന് രണ്ടാമത്തെ യോഗംവും ചേര്‍ന്നിരുന്നു. അടുത്ത അവലോകന യോഗം ജനുവരി 16 ന് കളക്ട്രേറ്റില്‍ ചേരും.
അഡ്വ. എ. രാജ എം. എല്‍. എ, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍മാരായ അരുണ്‍ എസ് നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ, സ്‌പെഷ്യല്‍ നോഡല്‍ ഓഫീസര്‍ അരുണ്‍ ആര്‍. എസ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, സി പി എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, സി പി ഐ ജില്ലാ സെക്രട്ടറി സലീം കുമാര്‍. കെ, കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് സി. പി മാത്യു, കേരളകോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍, എന്‍ സി പി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, ബി ജെ പി പ്രതിനിധികളായ എം. എന്‍. ജയചന്ദ്രന്‍, ഷാജി നെല്ലിപ്പറമ്പില്‍, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍ (കേരള കോണ്‍ഗ്രസ് ജോസഫ്) തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.