പ്രധാന വാര്‍ത്തകള്‍
നിയമസഭാ സമ്മേളനം ജനുവരി 23ന് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം: ജനുവരി 23 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് മന്ത്രിസഭാ ഉപസമിതി തയ്യാറാക്കും.
ജനുവരി 20നോ 23നോ നയപ്രഖ്യാപനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ജനുവരി 20ന് ഹൈദരാബാദിൽ നടക്കുന്ന സിഐടിയു ദേശീയ കൺവെൻഷനിൽ ചില സിപിഎം എം.എൽ.എമാർക്ക് പങ്കെടുക്കേണ്ടതിനാൽ ജനുവരി 23ന് പരിഗണിക്കാനാണ് സാധ്യത. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. ജനുവരി 30, 31 തീയതികളിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് പോകേണ്ടതിനാലാണ് ബജറ്റ് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയത്.