കലോത്സവം ആദ്യം ദിനം പൂര്‍ത്തിയായപ്പോള്‍ 232 പോയിന്‍റുകള്‍ നേടി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്


കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ളത്. 221 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്.
220 പോയിന്‍റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍.
രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങള്‍ വേദി കയറും. ഒപ്പന, ദഫ്‌മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും.
ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് വേദികള്‍ ഉറങ്ങിയത്. 24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് ഇക്കൊല്ലത്തെ കലോത്സവത്തില്‍ മത്സരിക്കുന്നത്. ഇന്നലെ വിക്രം മൈതാനത്ത് നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ജീവന്‍ ബാബു ഐഎഎസ് പതാക ഉയര്‍ത്തി.
കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാല്‍ 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏറെ പ്രധാനമാണ്.