ഇടുക്കി-അടിമാലിയില്‍ തിരൂര്‍ റീജിയണല്‍ ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പ്രതികരണവുമായി കോളേജ് അധികൃതര്‍


മലപ്പുറം: ഇടുക്കി-അടിമാലിയില്‍ തിരൂര്‍ റീജിയണല്‍ ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പ്രതികരണവുമായി കോളേജ് അധികൃതര്‍.
കോളേജില്‍ അറിയിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ യാത്ര സംഘടിപ്പിക്കുമായിരുന്നുവെന്നും കോളേജ് പ്രതിനിധികള്‍ പറഞ്ഞു.
അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
‘ടൂറിന്റെ കാര്യം ഞങ്ങളെ അറിയിച്ചിരുന്നെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമായിരുന്നു. കൂടാതെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ ഒരു സ്റ്റാഫിനെക്കൂടി ടൂറിനായി വിട്ടു നല്‍കുമായിരുന്നു’ എന്നും കോളേജ് പ്രിന്‍സിപ്പല്‍ കെ സതീഷ് പറഞ്ഞു.
അതേസമയം, കൃത്യമായ മാനദണ്ഡങ്ങളോടെയായിരുന്നില്ല യാത്ര നടത്തിയതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റ് ബസ് ജീവനക്കാരുമായി തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അവര്‍ക്ക് വിദ്യാര്‍ത്ഥികളെപ്പറ്റി യാതൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കായി ആരാണ് ബസ് ബുക്ക് ചെയ്തത്, എത്ര പേര്‍ ഉണ്ടാകും എന്നതിനെപ്പറ്റി ബസ് ജീവനക്കാര്‍ക്ക് പോലും വേണ്ടത്ര അറിവില്ലായില്ലായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അപകടത്തില്‍ നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. ബസ്സിനടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മില്‍ഹാജിന്റെ മൃതദേഹം. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ഥി സംഘം യാത്ര കഴിഞ്ഞ് തിരികെ വരുമ്ബോഴാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 1.15നാണ് ബസ് അപകടത്തില്‍പ്പെട്ടത്. കല്ലാര്‍കുട്ടി-മയിലാടുംപാറ റൂട്ടില്‍ മുനിയറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍ക്കാടിന് സമീപത്താണ് ബസ് മറിഞ്ഞത്.
കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേരാണ് മരിച്ചത്. പുതുവര്‍ഷ പുലരിയില്‍ നടന്ന അഞ്ചു അപകടങ്ങളിലാണ് ഏഴു ജീവനുകള്‍ പൊലിഞ്ഞത്. ആലപ്പുഴ, പത്തനതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് അപകടമുണ്ടായത്.
പത്തനംതിട്ടയില്‍ രണ്ടു അപകടങ്ങളിലായി മൂന്നു പേരും ആലപ്പുഴയില്‍ രണ്ടു പേരും ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരമാണ് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ലയിലും ഏനാത്തുമായിട്ടാണ് അപകടമുണ്ടായത്. തിരുവല്ലയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ചാണ് രണ്ടു പേര്‍ മരിച്ചത്. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.
ഏനാത്ത് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു രണ്ടാമത്തെ അപകടം. ഇലമങ്കലം സ്വദേശി തുളസീധരനാണ് മരിച്ചത്. ഇരുചക്രവാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു തുളസീധരന്‍ മരിച്ചത്.
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് മരിച്ചത്. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്.കോഴിക്കോട് കക്കോടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കക്കോടി സ്വദേശി ബിജു (42) ആണ് മരിച്ചത്.