കുടിയേറ്റ ജനതയുടെ ആശ്രയമായ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തോട് അധികൃതരുടെ അവഗണന തുടരുന്നു


അടിമാലി: കുടിയേറ്റ ജനതയുടെ ആശ്രയമായ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തോട് അധികൃതരുടെ അവഗണന തുടരുന്നു. രണ്ട് ഡോക്ടറും ഒരു നഴ്സും മാത്രമുള്ള ഇവിടെ എത്തുന്നവര്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി.അഞ്ച് സ്പെഷാലിറ്റി, രണ്ട് ജനറല്‍ മെഡിസില്‍, നോണ്‍ ജനറല്‍ മെഡിസിന് ഉള്‍പ്പെടെ ഒമ്ബത് ഡോക്ടര്മാരാണിവിടെ വേണ്ടത്.
ആകെയുള്ളത് അതര്‍ നോണ്‍ മെഡിസിന് വിഭാഗത്തില്‍ രണ്ടുപേര്‍ മാത്രം. 12 സ്റ്റാഫ് നഴ്സ് വേണ്ട സ്ഥാനത്തുള്ളത് ഒരാള്‍ മാത്രം. ഫാര്‍മസിസ്റ്റ് രണ്ട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രണ്ട് എന്നിങ്ങനെ ആവശ്യമുള്ള ഇവിടെ ഒരാള്‍ വീതം മാത്രമാണുള്ളത്.
വിവിധ സംഘടനകള്‍ സംഭാവന നല്കിയ 20ല്‍പരം കിടക്കയുണ്ടെങ്കിലും സര്‍ക്കാര്‍ കണക്കില്‍ കിടക്കകളൊന്നുമില്ല. ഇതുമൂലം കിടത്തിച്ചികിത്സയും ഇല്ല.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഇൗ ആതുരാലയം പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും നിരവധി പ്രക്ഷോഭം പലപ്പോഴായി നടത്തിയെങ്കിലും ആശുപത്രിയുടെ വികസനത്തിന് മാത്രം നടപടിയില്ല.
ആറ് പഞ്ചായത്തുകളില്‍പെടുന്ന പാവങ്ങളായ ജനങ്ങളുടെ ആശ്രയകേന്ദ്രമാണിത്. 26ഉം 28ഉം കിലോമീറ്റര്‍ വീതം അകലെയുള്ള നെടുങ്കണ്ടത്തും അടിമാലിയിലും മാത്രമാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന താലൂക്ക് ആശുപത്രികളുള്ളത്. ഈ മേഖലയിലെ പാവപ്പെട്ട രോഗികള്‍ക്ക് അത്യാസന്ന ഘട്ടത്തില്‍ ഇവ പ്രാപ്യവുമല്ല.വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാടകക്കെട്ടിടത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ രണ്ടേക്കര്‍ സ്ഥലം സൗജന്യമായി സര്‍ക്കാറിന് കൊടുക്കുകയായിരുന്നു.