കേരളത്തിലെ ആദ്യ മദർ-ന്യൂബോൺ കെയർ യൂണിറ്റ്; ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മദർ-ന്യൂബോൺ കെയർ യൂണിറ്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
നവജാത ശിശുക്കളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ മദർ -ന്യൂബോൺ കെയർ യൂണിറ്റിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
നവജാത ശിശുക്കളുടെ പരിചരണത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കോഴിക്കോട്ടെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് സാധിക്കുമെന്നും ഇതിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മികച്ച സൗകര്യങ്ങളോടെ ഐ.എം.സി.എച്ചിൽ ഒരുങ്ങുന്ന ലേബർ റൂം ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന്‍റെ ഉദ്ഘാടനം വൈകാതെ നടക്കും. പ്രതിവർഷം 6,000 ഡെലിവറികൾ നടത്തുന്ന ഐ.എം.സി.എച്ച് വിവിധ സുപ്രധാന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇത് ജനങ്ങൾക്ക് മെച്ചപ്പെട്ട രീതിയിൽ ഗുണം ചെയ്യും. ഏറ്റവും ശാസ്ത്രീയമായി, ഐഎംസിഎച്ചിൽ ആരംഭിച്ച മുലപ്പാൽ ബാങ്ക് മികച്ച പ്രവർത്തനമാണ് നടത്തുന്നത്.