2023ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും വെല്ലുവിളി നിറഞ്ഞതായിരിക്കും: ഐഎംഎഫ് മേധാവി
2023 ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോര്‍ജീവ. അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ ആഗോള വളർച്ചയുടെ പ്രധാന ഘടകങ്ങളെല്ലാം ഒരേ സമയം ദുര്‍ബലമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതാവും ഇതിൻ്റെ കാരണമെന്ന് ജോര്‍ജീവ പറഞ്ഞു.
ഉക്രെയ്നിലെ യുദ്ധവും പണപ്പെരുപ്പ സമ്മർദ്ദങ്ങളും യുഎസ് ഫെഡറൽ റിസർവ് പോലുള്ള സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്താൻ കാരണമായി. ഒക്ടോബറിൽ, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2023 ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം വെട്ടിക്കുറച്ചിരുന്നു. 2022 അവസാനത്തോടെ, ചൈന അതിന്‍റെ സീറോ-കോവിഡ് നയം ഉപേക്ഷിക്കുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയകൾ പുനരാരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും, കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
40 വർഷത്തിനിടെ ആദ്യമായി 2022 ൽ ചൈനയുടെ വളർച്ച ആഗോള വളർച്ചയെക്കാൾ താഴെയാകുമെന്ന് ജോര്‍ജീവ പറഞ്ഞു. കൂടാതെ, വരും മാസങ്ങളിൽ പ്രതീക്ഷിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ചൈനയുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ ബാധിക്കുകയും പ്രാദേശികവും ആഗോളവുമായ വളർച്ചയെ വലിച്ചിഴക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. യുഎസ് സമ്പദ് വ്യവസ്ഥ ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്നുവെന്നും ലോകത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നിനെ ബാധിച്ചേക്കാവുന്ന സാമ്പത്തിക ഞെരുക്കം ഒഴിവാക്കാമെന്നും ജോര്‍ജിവ പറഞ്ഞു.