രാവിലെ പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകി; മറുപടി നൽകാതെ എയര്‍പോർട്ട് അധികൃതർ
തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി. നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ ഇരുത്തിയ ശേഷം മംഗലാപുരം വഴി കൊണ്ടുപോകുമെന്ന് അറിയിക്കുകയായിരുന്നു. എയർലൈൻ അധികൃതരുടെ നിരുത്തരവാദിത്വപരമായ സമീപനത്തിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.
രാവിലെ 7.25ന് തിരുവനന്തപുരത്ത് നിന്ന് നേരിട്ട് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 549 വിമാനത്തിലെ യാത്രക്കാരാണ് വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നത്. വിമാനത്തിന്‍റെ ഷെഡ്യൂൾ ചെയ്ത സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് യാത്രക്കാർ എത്തിയെങ്കിലും വിമാനം വൈകുമെന്ന് അറിയിച്ച് ആളുകളെ ടെർമിനലിൽ പ്രവേശിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വിസമ്മതിച്ചു. ഇതോടെ യാത്രക്കാർ ബഹളമുണ്ടാക്കിയതിനു ശേഷമാണ് യാത്രക്കാരെ അകത്തേക്ക് കടത്തിവിട്ടത്. മൂന്നര മണിക്കൂർ വൈകി രാവിലെ 11 മണിക്ക് വിമാനം പുറപ്പെടുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
ഒമ്പത് മണിക്കാണ് ചെക്ക്-ഇൻ ആരംഭിച്ചത്. എന്നാൽ, രണ്ട് ബോർഡിംഗ് പാസുകൾ നൽകിയപ്പോൾ യാത്രക്കാർ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയും യാത്ര മംഗലാപുരം വഴിയാണെന്നും കണക്ഷൻ വിമാനമാണെന്നും പറഞ്ഞു. യാത്രക്കാർ ബഹളമുണ്ടാക്കിയെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ല.