ബ്രസീൽ പ്രസിഡന്റ് സ്ഥാനത്ത് ഇനി ലുല ഡ സിൽവ
ബ്രസീലിയ: ബ്രസീലിന്‍റെ പ്രസിഡന്‍റായി ലുല ഡ സിൽവ അധികാരമേറ്റു. തലസ്ഥാനമായ ബ്രസീലിയിൽ പതിനായിരക്കണക്കിന് ആളുകളാണ് സത്യപ്രതിജ്ഞാ ചടങ്ങിനുസാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയത്. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടി പോരാടുമെന്ന് മൂന്നാം തവണയും രാജ്യത്തിന്‍റെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ലുല ഡാ സിൽവ പറഞ്ഞു. നിലവിലെ പ്രസിഡന്‍റ് ബോൾസൊനാരോയുടെ വലതുപക്ഷ പാർട്ടിയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ വർക്കേഴ്സ് പാർട്ടി നേതാവ് ലുല ഡാ സിൽവ അധികാരത്തിലെത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനമായ ബ്രസീലിയയിൽ വലിയ പരിപാടികൾ സംഘടിപ്പിച്ചു. ബ്രസീലിൽ മൂന്ന് തവണ കിരീടം ചൂടിയ ഏക പ്രസിഡന്‍റാണ് സിൽവ. സാമ്പത്തികമായി തകർന്നുപോയ രാജ്യത്തെ പുനർനിർമ്മിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ലുല തന്‍റെ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രത്തോടുള്ള തന്‍റെ ആദ്യ പ്രസംഗത്തിൽ, വിശപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ ലുലയുടെ ശബ്ദമിടറി.
35 കാബിനറ്റ് മന്ത്രിമാരിൽ 11 പേർ വനിതകളാണ്. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സിൽവയെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. മറീന സിൽവയുടെ നിയമനം ആമസോൺ സംരക്ഷണം ഒരു പ്രധാന അജണ്ടയാണെന്ന പ്രഖ്യാപനത്തോട് കൂടിയാണ്. 2003 മുതൽ 2010 വരെ ലുല പ്രസിഡന്‍റായിരുന്നപ്പോൾ മറീന സിൽവ പരിസ്ഥിതി മന്ത്രിയായിരുന്നു.പരിസ്ഥിതിക്ക് പുറമെ ആരോഗ്യം, സംസ്കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്ത്രസാങ്കേതിക വികസനം തുടങ്ങിയ പ്രധാന വകുപ്പുകളിലും ലുല വനിതാ മന്ത്രിമാരെ നിയമിച്ചിട്ടുണ്ട്.