2021ല്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലം 1997 റോഡപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 2021ല്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലം 1997 റോഡപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതില്‍ 1040 പേര്‍ മരണപ്പെടുകയും ചെയ്തു.
കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ ‘ഇന്ത്യയിലെ റോഡപകടങ്ങള്‍ 2021’ എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാഹനമോടിക്കുന്നതിനിടയില്‍ ഡ്രൈവര്‍മാരുടെ മൊബൈല്‍ ഉപയോഗത്തില്‍ നിരവധി പേര്‍ അപകടത്തില്‍ പെട്ടതായാണ് ലഭിക്കുന്ന വിവരം.
സിഗ്നലുകള്‍ വകവെക്കാതെയുള്ള അശ്രദ്ധമായി വാഹനം ഓടിക്കലുകള്‍ മൂലം 555 അപകടങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 222 പേരാണ് ഇത്തരത്തില്‍ മരണമടഞ്ഞത്. റിപ്പോര്‍ട്ട് അനുസരിച്ച്, 2021ല്‍ റോഡിലെ കുഴികള്‍ മൂലം ഏകദേശം 1481 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പല കാരണങ്ങളാല്‍ ഉണ്ടാകുന്ന റോഡപകടങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 2021ല്‍ രാജ്യത്ത് 4,12,432 റോഡപകടങ്ങള്‍ നടന്നിരുന്നു. അതില്‍ 1,53,972 പേര്‍ മരിക്കുകയും 3,84,448 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.