പന്തിന്റെ ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവറെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആദരിക്കും
ദെഹ്റാദൂണ്‍: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ റോഡപകടത്തിൽ നിന്ന് രക്ഷിച്ച ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാനെ ആദരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുശീൽ മാനെ ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.
ഉത്തരാഖണ്ഡിൽ കഴിഞ്ഞ 30ന് പുലർച്ചെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി നശിച്ചു. ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാനും കണ്ടക്ടർ പരംജീത്തും ചേർന്നാണ് പന്തിനെ രക്ഷപ്പെടുത്തിയത്. കാറിൽ നിന്ന് പുറത്തെടുത്തപ്പോൾ താരത്തിന്‍റെ ശരീരമാകെ രക്തമായിരുന്നു. ബസിലെ യാത്രക്കാരിലൊരാളുടെ തുണികൊണ്ട് പന്തിനെ പൊതിഞ്ഞു. തുടർന്ന് സുശീൽ ആംബുലൻസ് വിളിച്ചു. പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെൻസ് അപകടത്തിൽ പൂർണ്ണമായും കത്തിനശിച്ചു.
ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. അപകടത്തിൽ പന്തിന്‍റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. വലതു കാൽമുട്ടിന്‍റെ ലിഗമെന്‍റിനും പരിക്കേറ്റിട്ടുണ്ട്. വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും പരിക്കേറ്റതായി ഡെറാഡൂണിലെ മാക്സ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നെറ്റിയിലെ മുറിവിന് ശനിയാഴ്ച പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി താരത്തെ ഡൽഹിയിലേക്ക് മാറ്റിയേക്കും.