ദൈർഘ്യമേറിയ ആഡംബര നദീസവാരിക്കൊരുങ്ങി ഇന്ത്യ; 50 ദിവസം കൊണ്ട് പിന്നിടുക 3,200 കി മീ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരി ആരംഭിക്കാൻ ഇന്ത്യ. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സവാരി ഫ്ലാഗ് ഓഫ് ചെയ്യും. 50 ദിവസം കൊണ്ട് 3,200 കിലോമീറ്റർ ദൂരം താണ്ടും. ഉത്തർപ്രദേശിലെ വാരണാസി മുതൽ അസമിലെ ദിബ്രുഗഢ് വരെയുള്ള ‘റിവർ ക്രൂയിസ്’ ബംഗ്ലാദേശിലൂടെയും സഞ്ചരിക്കും.
വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ക്രൂയിസിൽ ഉണ്ടാകും. ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെയാണ് ക്രൂയിസ് സഞ്ചരിക്കുക. 50 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. ഇത് ലോകത്തിലെ തന്നെ അതുല്യമായ ക്രൂയിസ് ആണ്. ‘ഇന്ത്യയിൽ വളരുന്ന ക്രൂയിസ് ടൂറിസത്തിന്‍റെ പ്രതിഫലനമാണിത്. ഇത് പ്രയോജനപ്പെടുത്താൻ ബംഗാളിലെ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു’, വീഡിയോ കോൺഫറൻസിംഗിലൂടെ ബംഗാളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ മോദി പറഞ്ഞു.
ഈ മാസം 13ന് ക്രൂയിസിന്‍റെ ആദ്യ യാത്രയാണ്. വാരണാസിയിലെ ഗംഗാ ആരതി, കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ സന്ദർശിക്കാൻ സൗകര്യമുണ്ടാകും. ഏകദേശം 1,100 കിലോമീറ്റർ ദൂരം ബംഗ്ലാദേശിലൂടെ ക്രൂയിസ് സഞ്ചരിക്കും. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് അനുസരിച്ചാണ് റൂട്ട് തയ്യാറാക്കിയതെന്ന് അധികൃതർ പറഞ്ഞു.