പ്രതീക്ഷയുടെ വെളിച്ചം മുന്നിലുണ്ട്; കോവിഡ് വ്യാപനത്തിനിടെ ഷി ജിൻപിംഗിൻ്റെ പുതുവത്സരാശംസ
ചൈന: പ്രതീക്ഷയുടെ വെളിച്ചം നമ്മുടെ മുന്നിലുണ്ടെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെയാണ് പ്രസിഡന്റിന്റെ പുതുവത്സരാശംസകൾ. നിയന്ത്രണങ്ങൾ പൊടുന്നനെ നീക്കിയതിന് ശേഷം ചൈനയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഒരു വൻ വർധനവുണ്ടായി. പ്രായമായ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. അതുപോലെ, കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിൽ ശ്മശാനങ്ങളിൽ പ്രതിസന്ധിയുണ്ടായി. “കോവിഡ് പ്രതിരോധവും അതിന്‍റെ നിയന്ത്രണവും ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമുക്കു മുന്നിലുണ്ട്,” ഷി പറഞ്ഞു.
ശനിയാഴ്ച 7,000 ലധികം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒരാൾ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചിരുന്നു. തൊട്ടുപിന്നാലെ കേസുകളുടെ എണ്ണം കൂടുകയായിരുന്നു. പ്രതിദിനം 5,000 കേസുകളാണ് സ്ഥിരീകരിക്കുന്നതെന്ന് ചൈനീസ് സർക്കാർ അറിയിച്ചു.
വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്‍റൈൻ നിബന്ധനയും ചൈന പിൻവലിച്ചിരുന്നു. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റൈൻ ഉണ്ടായിരിക്കില്ല.