ബനഡിക്ട് പതിനാറാമന്റെ സംസ്‌കാരം ജനുവരി 5ന്; തിങ്കൾ മുതല്‍ പൊതുദര്‍ശനം

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ശവസംസ്കാരം ജനുവരി 5ന് (വ്യാഴം) നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഭൗതികശരീരം ജനുവരി 2 (തിങ്കളാഴ്ച) മുതൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും.
റോമിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ബെനഡിക്ട് പതിനാറാമൻ ശനിയാഴ്ച പ്രാദേശിക സമയം 9.34ന് വത്തിക്കാനിലെ മേറ്റര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍വെച്ചാണ് കാലംചെയ്തത്. 2005 മുതൽ 2013 വരെ മാർപ്പാപ്പയായി സേവനമനുഷ്ഠിച്ച ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2013 ഫെബ്രുവരി 28നാണ് സ്ഥാനമൊഴിഞ്ഞത്.
ബെനഡിക്ട് പതിനാറാമന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും അനുശോചിച്ചു. സമൂഹത്തിന് നൽകിയ മഹത്തായ സേവനത്തിന്‍റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.