ആലപ്പുഴ-മധുര സംസ്‌ഥാനപാത കടന്നുപോകുന്ന കഞ്ഞിക്കുഴിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

ചെറുതോണി: ആലപ്പുഴ-മധുര സംസ്‌ഥാനപാത കടന്നുപോകുന്ന കഞ്ഞിക്കുഴിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇതുമൂലം ആവശ്യ സര്‍വീസുകളായി കടന്നുപോകുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹന ഗതാഗതം ദുരിതത്തിലായി.അനധികൃത പാര്‍ക്കിങ്ങും ബസുകള്‍ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതുമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.
കഞ്ഞിക്കുഴി ടൗണില്‍ പഞ്ചായത്ത് നിര്‍മിച്ച ബസ് സ്‌റ്റാന്‍ഡില്‍ വര്‍ഷങ്ങളായി ബസ് കയറാത്ത അവസ്‌ഥയിലാണ്. ഈ സാഹചര്യം ഉള്ളതുകൊണ്ടുതന്നെ ആളുകള്‍ പ്രധാനറോഡില്‍ നിന്നാണ് ബസുകളില്‍ കയറുന്നത്. നടുറോട്ടില്‍ ബസ് നിര്‍ത്തുന്നത് മൂലമുണ്ടാകുന്ന വലിയ ഗതാഗതക്കുരുക്കുകള്‍ വകവയ്‌ക്കാതെ ഡ്രൈവര്‍മാര്‍ ബസുകള്‍ നിര്‍ത്തുന്നത് പലപ്പോഴും അവശ്യ സര്‍വീസുമായി പോകുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു് ബസുകള്‍ ബസ് സ്‌റ്റാന്‍ഡില്‍ പ്രവേശിച്ചാല്‍ ഈയൊരു പ്രശ്‌നത്തിന് പരിഹാരമാകും.
എന്നാല്‍ കാലങ്ങളായി ഈ ആവശ്യം പൊതുജനങ്ങളും വ്യാപാരികളും ഉന്നയിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടുന്നതിന് പഞ്ചായത്തോ മോട്ടോര്‍ വാഹന വകുപ്പോ തയാറാകുന്നില്ല. ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് ടൗണിലെ അനധികൃത പാര്‍ക്കിങിനും ഗതാഗതക്കുരുക്കിനും പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.