കൊവിഡിന്റെ രണ്ടാം തരംഗം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വീണ്ടും കനത്ത തിരിച്ചടി.
വാഗമൺ ( ഇടുക്കി): കൊവിഡിന്റെ രണ്ടാം തരംഗം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വീണ്ടും കനത്ത തിരിച്ചടിയാകുമെന്ന് ആശങ്ക. പ്രളയത്തിന് ശേഷം വന്ന കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരുവര്‍ഷത്തിലേറെയായി നിശ്ചലമായി കിടന്ന ടൂറിസം മേഖല ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതിയിലേക്ക് വരുന്നതിനിടെയാണ് വെള്ളിടിപോലെ രണ്ടാം തരംഗം രംഗപ്രവേശം ചെയ്യുന്നത്. ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളില്‍ കഴിഞ്ഞുവരുന്നത്. മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കൊവിഡിന് അല്‍പ്പം ശമനമുണ്ടാകുകയും ടൂറിസംമേഖലയിലെ നിയന്ത്രണങ്ങള്‍ സര്‍ക്കാരും ജില്ലാഭരണകൂടവും ഒഴിവാക്കിയതും. തുടര്‍ന്ന് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബുക്കിംഗ് ആരംഭിക്കുകയും സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ എത്തിതുടങ്ങുകയും ചെയ്തിരുന്നു.എന്നാല്‍ കൊവിഡ് വ്യാപന നിരക്ക് വര്‍ദ്ധിക്കുകയും കഴിഞ്ഞ ദിവസം മുതല്‍ സര്‍ക്കാര്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയും ചെയ്‌തോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വറുതിയിലേക്കാണ് നീങ്ങുന്നത്.
ബുക്കിംഗ് കുറയുന്നു
ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും ബുക്കിംഗുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ട്രാവല്‍ ഏജന്‍സികള്‍ റദ്ദുചെയ്തു തുടങ്ങിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്ക് വിളിച്ച് അന്വേഷണങ്ങളും കുറഞ്ഞു വരുകയാണ്. ഇതെല്ലാം കടുത്ത പ്രതിസന്ധി സൃഷ്‌ക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ജില്ലയുടെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനവും തിരിച്ചടിയാകും. ഒന്നരമാസം കൂടി കഴിഞ്ഞാല്‍ കാലവര്‍ഷം എത്തുമെന്നതിനാല്‍ ഈ വര്‍ഷം വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വുണ്ടാകാനുള്ള സാധ്യത വിരളമാണ്. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാകുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌തെങ്കില്‍ മാമ്രേ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഇനി പ്രതീക്ഷയ്ക്കു വകയുള്ളൂ. വന്‍തുക വാടകയും വൈദ്യുതി ചാര്‍ജും മറ്റും നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്‍പ്പു തന്നെ പരുങ്ങലിലാകും.
അനുബന്ധ മേഖലയും ദുരിതത്തില്‍
ടൂറിസ്റ്റ് ബസുകളുടെയും ടാക്‌സി ഉടമകളുടെയും ഗൈഡുകളുടെയും മറ്റും സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ ഒരുവര്‍ഷമായി ഷെഢില്‍ കയറ്റിയിട്ടിരിക്കുകയാണ് ടൂറിസ്റ്റ് ബസുകള്‍. ടൂറിസം മേഖലയെ മാത്രം ലക്ഷ്യമിട്ട് ജില്ലയിടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ടാക്‌സി ട്രിപ്പ് സര്‍വീസ് തൊഴിലാളികളും ഏറെ ആശങ്കയിലാണ്. ഇവ പുറത്തിറക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് വീണ്ടുംകാര്യങ്ങളെത്തിച്ചേരുന്നത്. ആഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നതിനു ബാങ്കുകളില്‍ നിന്നും മറ്റും വായ്പയെടുത്തവര്‍ തുക തിരിച്ചടയ്ക്കാനാകാതെ ജപ്തി ഭീഷണിയിലാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ആരംഭിച്ച സ്വകാര്യ ബിസിനസ് സംരംഭകരും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.