വേട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം’; ഹൈക്കോടതിയില്‍ ഹർജി
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദിനമായ മെയ് 2 ന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. മെയ് ഒന്നിന് അര്‍ധരാത്രി മുതല്‍ രണ്ടാം തിയ്യതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. കൊവിഡ്-19 രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.
ഹർജിക്ക് പിന്നാലെ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച്ച കേസ് ഹൈക്കാടതി പരിഗണിക്കും.
കൊവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇതിനകം തന്നെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതിപരിപാടികള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി 50 മുതല്‍ 100 വരെ എന്ന നിരക്കിലേക്ക് ചുരുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇന്നും നാളെയുമായി രണ്ട് ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവര്‍ക്കാകും മുന്‍ഗണന. 45 വയസില്‍ താഴെയുള്ളവരെ കൂടുതലായി പരിഗണിക്കും. ടെസ്റ്റിംഗ് വ്യാപകമാക്കാനും പരമാവധി പേര്‍ക്ക് കുറച്ചുദിവസത്തിനുള്ളില്‍ത്തന്നെ വാക്‌സിന്‍ എത്തിക്കാനും
തീരുമാനമായിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ക്യാംപെയ്‌നുമുണ്ടായിരികുമെന്നും ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.