പമ്പയിലെ കയത്തിൽ അകപ്പെട്ട് തീർത്ഥാടകർ; സാഹസികമായി രക്ഷപെടുത്തി പൊലീസ്
പമ്പ: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ പമ്പയിലെ കയത്തിൽ അകപ്പെട്ട തീർത്ഥാടകർക്ക് പുതുജീവൻ. ശബരിമലയിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഇ.എൻ സുഭാഷ് ആണ് അന്നദാനപ്പന്തലിന് അരികിലെ കടവിൽ നിന്നും ഒഴുക്കിൽപ്പെട്ട 3 പേരെ സാഹസികമായി രക്ഷിച്ചത്.
കയത്തിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനെത്തിയ മറ്റൊരാളും അപകടത്തിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന സുഭാഷ് പഴ്‌സും, വയർലെസ് സെറ്റും സഹപ്രവർത്തകനെ ഏല്പിച്ച് സമയം പാഴാക്കാതെ നദിയിലേക്ക് ചാടി 3 പേരെയും രക്ഷിച്ചു. കർണ്ണാടകയിൽ നിന്നെത്തിയ ശ്രീധർ (32), ചന്ദു(23), ഗൗതം(20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
പേരാമ്പ്ര എരവട്ടൂർ ഏരത്ത് മുക്കിൽ എരത്തോളി മിത്തൽ ആരാമം വീട്ടിൽ താമസിക്കുന്ന സുഭാഷ് 15 വർഷമായി കേരള പൊലീസിന്റെ ഭാഗമാണ്. നിലവിൽ വടകര പൊലീസ് കൺട്രോൾ റൂമിൽ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ്. 3 ജീവനുകൾ രക്ഷിക്കാനായതിന്റെ സന്തോഷത്തോടെയാണ് 10 ദിവസത്തെ ഡ്യൂട്ടി പൂർത്തിയാക്കി അദ്ദേഹം മടങ്ങുന്നത്.