ശബരിമല മകരവിളക്ക് മഹോത്സവംയോഗം ചേർന്നു

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പീരുമേട് താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലാകളക്ടർ ഷീബ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് മകരവിളക്ക് ദർശന ദിവസം പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ സ്ഥലങ്ങളിൽ ക്രമാതീതമായ തിരക്കുകൾ ഉണ്ടാകാതെയിരിക്കാനായി ഇതുവരെ സ്വീകരിച്ച ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്.
കേരളാ പോലീസിന്റെ സഹായത്തിനും അയ്യപ്പൻമാരുടെ ഭാഷ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനും തമിഴ്നാട് പോലീസിന്റെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. മകരവിളക്ക് ദിവസം വണ്ടിപ്പെരിയാർ ഗ്രൌണ്ട്, വാളാർഡി റോഡ് കോന്നിമാരാ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുല്ലമേട് പാഞ്ചാലിമേട് എന്നീ സ്ഥലങ്ങളിൽ ബാരിക്കേഡ് ജോലികൾ അടിയന്തിരമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. പരുന്തുംപാറയിൽ റോഡിന് ഇരുവശങ്ങളിലും റോഡിലേക്ക് കയറ്റി കടകൾ പ്രവർത്തിക്കുന്നുണ്ടെന്നും അടുത്ത ദിവസം തന്നെ മാറ്റുന്നതിനായി പീരുമേട് തഹസിൽദാർ, പീരുമേട് എസ് എച്ച് ഒ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ നടപടി സ്വീകരിക്കുന്നതിന് യോഗം നിർദ്ദേശിച്ചു. മകരവിളക്ക് ദിവസം പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ സ്ഥലങ്ങളിൽ ഫയർഫോഴ്സിന്റെ ഒരു ടീമിനെ നിയോഗിക്കണം. ഈ സ്ഥലങ്ങളിൽ ആവശ്യമായ അസ്ക ലൈറ്റുകൾ പോലീസ് ലഭ്യമാക്കണം. മകരവിളക്ക് ദർശന ദിവസം മൈക്ക് അനൌൺസ്മെന്റ് നടത്തുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരെ യോഗത്തിൽ ചുമതലപ്പെടുത്തി. ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, പി എച്ച് സി വണ്ടിപ്പെരിയാർ, താലൂക്ക് ഹോസ്പിറ്റൽ പീരുമേട് എന്നീവിടങ്ങളിൽ മെഡിക്കൽ ടീം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഈ ദിവസം 14 ആംബുലൻസിന്റെ സേവനവും ലഭ്യമാക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു. പുല്ലുമേട് മുതൽ പാഞ്ചാലിമേട് വരെ ശുദ്ധജലം ലഭ്യമാക്കുന്ന 15 ടാങ്കുകൾ സജ്ജീകരിച്ചിട്ടുള്ളതാണെന്നും മകരവിളക്ക് ദിവസം ഭക്തർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. വണ്ടിപ്പെരിയാർ, സത്രം, പരുന്തുംപാറ മേഖലകളിൽ ആവശ്യമായ
ടോയ് ലറ്റ് സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. കുമളി ഡിപ്പോയിൽ നിന്നും കെ എസ് ആർ റ്റി സി യുടെ 65 ബസുകളിൽ കോഴിക്കാനത്തുനിന്നും ദർശനം കഴിഞ്ഞെത്തുന്ന ഭക്തൻമാരെ തിരികെ കുമളിയിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. വള്ളക്കടവിൽ നിന്നും മറ്റ് വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വാഹനങ്ങൾ പോലീസ് നിർദ്ദേശത്താൽ വണ്ടിപ്പെരിയാർ, കക്കികവല എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. മകരവിളക്ക് ദിവസവുമായി ബന്ധപ്പെട്ട് ബി എസ് എൻ എൽ ന്റെ ടവർ താൽക്കാലികമായി സ്ഥാപിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുന്നതിനും യോഗം നിർദ്ദേശിച്ചു.
യോഗത്തിൽ സബ് കളക്ടർ അരുൺ എസ് നായർ, ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, പീരുമേട് തഹസിൽദാർ, തുടങ്ങി വിവിധ വകുപ്പ് തലവൻമാരും പങ്കെടുത്തു.