അവധി ആഘോഷമാക്കി ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു
തൊടുപുഴ: അവധി ആഘോഷമാക്കി ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് സഞ്ചാരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെത്തി.കുട്ടികളും സ്ത്രീകളുമടക്കം സന്ദര്‍ശകരുടെ തിരക്കില്‍ പല വിനോദസഞ്ചാര കേന്ദ്രങ്ങളും വീര്‍പ്പുമുട്ടി.
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡി.ടി.പി.സി) കീഴിലെ മാട്ടുപ്പെട്ടി, രാമക്കല്‍മേട്, അരുവിക്കുഴി, ശ്രീനാരായണപുരം, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, പാഞ്ചാലിമേട്, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ ഞായറാഴ്ചയായിരുന്നു തിരക്ക് കൂടുതല്‍.
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കാഴ്ച
ഡി.ടി.പി.സിയുടെ കീഴിലെ ഒമ്ബത് കേന്ദ്രങ്ങളിലായി ഡിസംബര്‍ 21 മുതല്‍ 25 വരെ അഞ്ച് ദിവസങ്ങളിലായി 47,144 പേര്‍ എത്തിയതായാണ് കണക്ക്. പുതുവത്സരാഘോഷത്തോടെ അവധി ദിനങ്ങള്‍ തീരും മുമ്ബായി സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടല്‍.
കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷത്തിനു ശേഷമുള്ള ക്രിസ്മസ്, പുതുവത്സര വേളയില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ഡി.ടി.പി.സി മുന്നൊരുക്കം നടത്തിയിരുന്നു. എങ്കിലും സന്ദര്‍ശക തിരക്ക് ഏറിയതോടെ മിക്ക സ്ഥലങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. മൂന്നാര്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്ന് വരെ വൈകീട്ട് ഏഴിന് വിന്‍റര്‍ മ്യൂസിക്കല്‍ നൈറ്റ്സ് എന്ന പേരില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വാഗമണ്‍ തന്നെ പ്രിയം
ഡി.ടി.പി.സിയുടെ കീഴിലെ കേന്ദ്രങ്ങളില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് വാഗമണ്ണിലാണ്. മൊട്ടക്കുന്നുകളിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമായി 20,362 പേരെത്തി. ഇവരില്‍ 9137 പേരും ക്രിസ്മസ് ദിനത്തില്‍ മാത്രം എത്തിയവരാണ്.ഡിസംബര്‍ 21ന് 3013 പേരും 22ന് 3578 പേരും 23ന് 6169 പേരും 24ന് 12,635 പേരും 25ന് 21,749 പേരും ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
അഞ്ചു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ഇപ്രകാരമാണ്: വാഗമണ്‍ മൊട്ടക്കുന്ന് 14,498, രാമക്കല്‍മേട് 5996, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക് 5864, പാഞ്ചാലിമേട് 5805, ശ്രീനാരായണപുരം 5404, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 3935, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് 2633, മാട്ടുപ്പെട്ടി 1632, അരുവിക്കുഴി 1377.
ഡാം കണ്ട് മടങ്ങിയത് 20,000 പേര്‍
ഇടുക്കി അണക്കെട്ട് കാണാനും സന്ദര്‍ശകരുടെ തിരക്കേറി. ഡിസംബര്‍ രണ്ട് മുതല്‍ 26 വരെ കുട്ടികളടക്കം 20,000ത്തോളം പേര്‍ അണക്കെട്ട് സന്ദര്‍ശിച്ചതായാണ് കണക്ക്. 11 ലക്ഷത്തോളം രൂപയാണ് ഈ കാലയളവില്‍ ടിക്കറ്റില്‍നിന്നുള്ള വരുമാനം.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ജനുവരി 31 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്. രാവിലെ ഒമ്ബതര മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സന്ദര്‍ശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക കാര്യങ്ങളും പരിശോധിക്കുന്ന ബുധനാഴ്ചകളില്‍ അനുമതി ഇല്ല.
തേക്കടിയില്‍ താമസസ്ഥലങ്ങള്‍ നിറഞ്ഞു
കുമളി: ഇടവേളക്കുശേഷം തേക്കടിയില്‍ വിനോദ സഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്ക്. തേക്കടി, കുമളി മേഖലകളിലെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളിലൊന്നും മുറികള്‍ കിട്ടാനില്ല.താമസസ്ഥലങ്ങള്‍ നിറഞ്ഞതോടെ സഞ്ചാരികള്‍ 30 കിലോമീറ്റര്‍ അകലെ പീരുമേട് മുതല്‍ വണ്ടിപ്പെരിയാര്‍, അണക്കര മേഖലകളിലാണ് താമസസൗകര്യം തേടുന്നത്.
കോവിഡ് പ്രതിസന്ധിക്കുശേഷം ആദ്യമായാണ് തേക്കടിയില്‍ ഇത്രയധികം തിരക്ക്. നേരിയ മഴയും തണുപ്പും ഒപ്പം മഞ്ഞും കൂടി എത്തിയതോടെ സഞ്ചാരികള്‍ക്ക് ഏറെ ആഹ്ലാദം. തമിഴ്നാടിന് പുറമെ പുതുച്ചേരി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ഡല്‍ഹി വരെയുള്ള സഞ്ചാരികളാണ് തേക്കടിയിലുള്ളത്. പുതുവര്‍ഷത്തെ ആദ്യ ആഴ്ചവരെ തിരക്ക് തുടരുമെന്നാണ് കരുതുന്നത്.തേക്കടി തടാകത്തിലൂടെ ബോട്ട് സവാരി, കാട്ടിനുള്ളിലെ ട്രക്കിങ്, താമസം, ആനസവാരി, സത്രം, മുന്തിരിത്തോപ്പ് യാത്ര എന്നിവയെല്ലാം ആസ്വദിച്ചാണ് സഞ്ചാരികളുടെ മടക്കം.
മുണ്ടക്കയം-കുട്ടിക്കാനം റൂട്ടില്‍ ഗതാഗത തടസ്സം
പീരുമേട്: ദേശീയപാത 183ല്‍ കുട്ടിക്കാനം -മുണ്ടക്കയം റൂട്ടില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. രണ്ടു ദിവസമായി ഗതാഗത തടസ്സം തുടരുകയാണ്.20 കിലോമീറ്റര്‍ പിന്നിടാന്‍ ഒരു മണിക്കൂറിലധികം വേണ്ടിവരുന്നു. ഇതുമൂലം സര്‍വിസ് ബസുകളും വൈകുകയാണ്.തേക്കടി, വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളും കൂടിയാകുമ്ബോള്‍ റോഡില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ക്രിസ്മസ് ദിവസം രാവിലെ ആരംഭിച്ച തിരക്ക് തിങ്കളാഴ്ചയും തുടര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 36-ാം മൈല്‍, കൊടികുത്തി, ചുഴുപ്പ് എന്നിവിടങ്ങളില്‍ ഒരു സൈഡില്‍ കൂടി മാത്രമാണ് ഗതാഗതം.പുല്ലുപാറ, വളഞ്ചാങ്കാനം പാലം എന്നിവിടങ്ങളില്‍ റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ക്രിസ്മസ് ദിവസം വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ നൂറുകണക്കിന് വാഹനങ്ങളാണ് ഗതാഗതക്കുരുക്കില്‍പെട്ട് റോഡില്‍ കിടന്നത്.