മനസ്സിന് കുളിരേകുന്ന യാത്രക്കൊപ്പം ഇത്തിരി സാഹസികതയും കൂടി ആയാലോ…
മനസ്സിന് കുളിരേകുന്ന യാത്രക്കൊപ്പം ഇത്തിരി സാഹസികതയും കൂടി ആയാലോ… സംഗതി വേറെ ലെവലായിരിക്കും. കാടും കാട്ടാറും ആസ്വദിച്ച് നടക്കുന്ന സാഹസിക വിനോദയാത്ര ഓരോ സഞ്ചാരിയുടെയും മനസ്സില്‍ തങ്ങുന്ന ഓര്‍മയായിരിക്കും.സാഹസികതക്കൊപ്പം കാഴ്ച വിരുന്നൊരുക്കുന്ന ട്രക്കിങ് നമുക്ക് സമ്മാനിക്കുന്ന വൈബ് ചെറുതൊന്നുമല്ല.
ഓരോ ട്രക്കിങ്ങും മനസ്സിനെ മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും ചുറുചുറുക്കോടെ നിലനിര്‍ത്തുന്ന, പ്രകൃതിയുടെ ഉത്തേജകമരുന്ന് കൂടിയാണ്. സാഹസിക യാത്രക്കൊപ്പം ഊര്‍ജവും പ്രസരിപ്പും കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ശുദ്ധവായു ലഭിക്കുന്ന പച്ചത്തുരുത്തുകളായ കേരളത്തിലെ ചില ട്രക്കിങ് സ്പോട്ടുകള്‍ പരിചയപ്പെടാം…
അഗസ്ത്യാര്‍കൂടം
സമുദ്രനിരപ്പില്‍ നിന്ന് 1,868 മീറ്റര്‍ ഉയരമുണ്ട് തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂടത്തിലേക്ക്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് വാര്‍ഷിക ട്രെക്കിങ് വനംവകുപ്പ് അനുവദിക്കുക. ഇതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം. ബോണക്കാട് വനത്തില്‍ നിന്ന് രാവിലെ എട്ടിന് യാത്ര തുടങ്ങി വനത്തില്‍ 16 കിലോമീറ്റര്‍ ഉള്ളിലായി അതിരുമല ബേസ് ക്യാമ്ബില്‍ വൈകീട്ടോടെ എത്തും.
പിറ്റേ ദിവസമാണ് എട്ട് കിലോമീറ്റര്‍ കുത്തനെ കയറ്റം കയറേണ്ട അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്ര. ഉച്ചയോടെ തിരികെ ബേസ് ക്യാമ്ബിലെത്തും. മികച്ച ശാരീരിക ഫിറ്റ്നസ് വേണം ട്രെക്കിങ്ങിന്. വിവരങ്ങള്‍ക്ക്: വനംവകുപ്പ് വെബ് സൈറ്റ് -www.forest.kerala.gov.in
ചെമ്ബ്ര പീക്ക്
വയനാട് ചെമ്ബ്രമുടി ട്രെക്കിങ് ഹൃദയഹാരിയായ അനുഭവം പകരും. കടല്‍നിരപ്പില്‍നിന്ന് 2100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മേപ്പാടിയില്‍നിന്ന് ചെമ്ബ്രമുടിയിലേക്ക് നടപ്പാതയുണ്ട്. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസികരായ യാത്രക്കാരുടെയും പ്രിയപ്പെട്ട ഇടം.
ചെമ്ബ്രമുടിയുടെ മുകളിലെത്താന്‍ മൂന്നുമണിക്കൂര്‍ ട്രെക്കിങ് വേണ്ടിവരും. മുകളില്‍ എത്തിയാല്‍ വയനാട് ജില്ലയുടെ ഒട്ടേറെ ഭാഗങ്ങള്‍ കാണാം. കൊടുമുടിക്കു മുകളില്‍ ഹൃദയത്തിെന്‍റ ആകൃതിയില്‍ ഒരു പ്രകൃതിദത്ത തടാകമുണ്ട്. ചെമ്ബ്ര കൊടുമുടിവരെ ട്രക്കിങ് ചെയ്യണമെങ്കില്‍ മേപ്പാടി ഫോറസ്റ്റ് ഓഫിസില്‍നിന്ന് അനുമതി വാങ്ങണം.
വനസംരക്ഷണ സമിതി വഴികാട്ടികള്‍ക്കൊപ്പം മാത്രമെ മലകയറ്റം അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റെടുക്കാം. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ട്രക്കിങ്ങിനുള്ള സമയം. ആഗസ്റ്റ്-മേയ് മാസങ്ങളില്‍ സന്ദര്‍ശിക്കാം. വിവരങ്ങള്‍ക്ക്: https://forest.kerala.gov.in/index.php/wayanad/chembra-peak
മീശപ്പുലിമല
പശ്ചിമഘട്ടത്തില്‍ ആനമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇടുക്കി ജില്ലയിലെ മീശപ്പുലിമല. മൂന്നാറിലെ കെ.എഫ്.ഡി.സി ഓഫിസില്‍ നിന്ന് ജീപ്പില്‍ 24 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ റോഡോ വാലിയിലെ ബേസ് ക്യാമ്ബിലെത്താം. ഇവിടെ നിന്ന് അഞ്ചു കിലോമീറ്റര്‍ കൂടി ജീപ്പില്‍ യാത്ര ചെയ്താല്‍ റോഡോമാന്‍ഷനില്‍ എത്തും.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വാസസ്‌ഥലമാണ് റോഡോ മാന്‍ഷന്‍. 6500 അടി ഉയരത്തിലുള്ള റോഡോ മാന്‍ഷനില്‍ നിന്നാണ് മീശപ്പുലിമലയിലേക്ക് ട്രക്കിങ്ങ് ആരംഭിക്കുന്നത്. രണ്ടു കുന്നുകള്‍ കയറിയിറങ്ങി വേണം മീശപ്പുലിമലയില്‍ എത്താന്‍. അഞ്ച് കിലോമീറ്റര്‍ ട്രക്ക് ചെയ്യണം. ഇവിടത്തെ താമസം kfdcecotourism.com എന്ന വെബ്‌സൈറ്റിയിലൂടെ ബുക്ക് ചെയ്യാം.
പൈതല്‍മല
ട്രക്കിങ് പ്രേമികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണ് കണ്ണൂര്‍ ജില്ലയിലെ പൈതല്‍മല, വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലം. ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്നപോലെയുള്ള കോടമഞ്ഞും കാടിെന്‍റ പച്ചപ്പും കണ്ട് ക്ഷീണമറിയാതെ ട്രക്കിങ് നടത്താം. സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന ഇവിടം അനേകായിരം പച്ചമരുന്നുകളുടെയും വൃക്ഷങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രംകൂടിയാണ്.
പക്ഷിനിരീക്ഷണം നടത്തുന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടും. പരിസരത്തെ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപം സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. താമസത്തിന് ഡി.ടി.പി.സിയുടെയും സ്വകാര്യവ്യക്തികളുടെയും റിസോര്‍ട്ടുകളും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: https://dtpckannur.com/experiencedetail/6/15
രാമക്കല്‍മേട്
സാഹസിക സഞ്ചാരികളുടെയും ട്രക്കിങ് പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ് ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്. കേരള സൗന്ദര്യത്തിനു കൗതുകം പകരുന്ന പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണിത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍, സമുദ്രനിരപ്പില്‍നിന്ന് 1100 മീറ്റര്‍ ഉയരത്തിലാണ് രാമക്കല്‍മേട് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലേറ്റവുമധികം കാറ്റുവീശുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണിത്. മലമുകളിലെ പാറക്കൂട്ടങ്ങള്‍ സാഹസികരായ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും.
സദാ വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതക്ക് കൂടുതല്‍ ആവേശം പകരും. കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമിെന്‍റ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. ഇവിടത്തെ മറ്റൊരു ആകര്‍ഷണമാണ് കുറവന്‍, കുറവത്തി പ്രതിമകള്‍.
ഇവിടെനിന്ന് നോക്കിയാല്‍ തമിഴ്നാടിന്‍റെ ദൂരക്കാഴ്ചകളും കൃഷിയിടങ്ങളും കാണാം. മഴക്കാലത്ത് പാറക്കൂട്ടങ്ങളില്‍ വഴുക്കലുള്ളതിനാല്‍ ആ സമയങ്ങളിലെ യാത്ര ഒഴിവാക്കാം. വിവരങ്ങള്‍ക്ക്: https://www.keralatourism.org/destination/ramakkalmedu-hill-stations-kerala/53
സൈലന്‍റ് വാലി
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടുനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് നിശ്ശബ്ദത ചൂഴ്ന്നുനില്‍ക്കുന്ന സൈലന്‍റ് വാലി നാഷനല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. സാധാരണ വനപ്രദേശങ്ങളില്‍ കാണാറുള്ള ചീവീടുകളുടെ അഭാവമാണ് െസെലന്‍റ് വാലിയുടെ പ്രത്യേകത. സിംഹവാലന്‍ കുരങ്ങുകളാണ് മറ്റൊരു പ്രത്യേകത.
വനംവകുപ്പിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ സൈലന്‍റ്വാലിയില്‍ പ്രവേശിക്കാം. പാലക്കാട് മുക്കാലിയിലെ വനംവകുപ്പിെന്‍റ ഓഫിസില്‍നിന്നാണ് പ്രവേശന അനുമതി ലഭിക്കുക. മുക്കാലി ഫോറസ്റ്റ് ഓഫിസില്‍നിന്ന് സൈലന്‍റ്വാലിയിലേക്കുള്ള യാത്ര വനം വകുപ്പിെന്‍റ ജീപ്പിലാണ്. ഇപ്പോള്‍ ബസ് സര്‍വിസുമുണ്ട്.
കൂട്ടിന് ഒരു ഗൈഡുമുണ്ടാവും. നാലു മണിക്കൂറാണ് ട്രക്കിങ് സമയം. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സന്ദര്‍ശന സമയം. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസവും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളുമാണ് ട്രക്കിങ്ങിന് പറ്റിയ സമയം. മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം പുറപ്പെടുക. വിവരങ്ങള്‍ക്ക്: http://www.silentvalley.gov.in/
ശിരുവാണി വന്യജീവിസങ്കേതം
കാടിന്‍റെ സൗന്ദര്യം ആസ്വദിക്കാനും സാഹസികയാത്ര നടത്താനും ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച സ്ഥലമാണ് ശിരുവാണി. പാലക്കാടന്‍ മലയോരമേഖലയോടടുത്ത് അഗളി ഫോറസ്റ്റ് റേഞ്ചിെന്‍റ ഭാഗമാണ് ശിരുവാണി എന്ന നിത്യഹരിത വനം. ഈ വനത്തിലാണ് ശിരുവാണി അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
ഡാമിലേക്കുള്ള സവാരിക്ക് പുറമെ കൊടുംവനത്തിനുള്ളിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പട്യാര്‍ ബംഗ്ലാവിലെ താമസവും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. വനംവകുപ്പിെന്‍റ അനുമതിയോടെയാണ് പ്രവേശനം. രാവിലെ ഒമ്ബതു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് സന്ദര്‍ശനം. സ്വകാര്യവാഹനങ്ങളിലോ സര്‍ക്കാര്‍ വാഹനങ്ങളിലോ ഇവിടേക്ക് പ്രവേശിക്കാം.
വനത്തിലൂടെ മൂന്നു മണിക്കൂറോളം യാത്രയുണ്ട്. വൈകീട്ട് മൂന്നു മണിക്കെങ്കിലും ബംഗ്ലാവിലെത്തുന്ന വിധം വേണം യാത്ര ക്രമീകരിക്കാന്‍. അതീവഹൃദ്യമായ ഒട്ടേറെ കാഴ്ചകള്‍ ബംഗ്ലാവില്‍ നിന്നും ട്രക്കിങ്ങിനിടയിലും കാണാം. വിവരങ്ങള്‍ക്ക്: https://www.keralatourism.org/ecotourism/trekking-programs/siruvani-trek/15
വെള്ളരിമല/വാവുല്‍ മല/ മസ്തകപ്പാറ
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ മികച്ച ട്രക്കിങ് പോയന്‍റുകളാണ്. സമുദ്രനിരപ്പില്‍ നിന്നും 2339 മീറ്റര്‍ മുകളിലായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിലെ അതിമനോഹരമായൊരു ഇടമാണ് വാവുല്‍ മല. വെള്ളരിമലയേക്കാള്‍ ഉയരമുള്ള മലയാണിത്.
കുത്തനെയുള്ള വീതി കുറഞ്ഞ വഴികളും മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളും പ്രത്യേകതകളാണ്. കേതന്‍ പാറ, റെക് പാറ (REC പാറ), മസ്തകപ്പാറ എന്നിവയെല്ലാം യാത്രക്കിടെ കാണം. സഹ്യാദ്രിയോട് അടുത്ത് കിടക്കുന്ന മുത്തപ്പന്‍പുഴ ഗ്രാമത്തില്‍ നിന്നുമാണ് വെള്ളരിമലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്.
ഡിസംബര്‍ – ഏപ്രില്‍ മാസങ്ങളാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ട്രക്കിങ്ങിന് പോകുന്നവര്‍ക്ക് ടെന്റ് അടിക്കാനുള്ള സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക് : https://www.keralatourism.org/ecotourism/destinations/vellarimala +91 9544 828180, +91 9961 078577
ചൊക്രാന്‍മുടി
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഭാഗമാണ് ചൊക്രാന്‍മുടി. താരതമ്യേന ദൂരം കുറവെങ്കിലും കുത്തനെയുള്ള കയറ്റമാണ്. 7200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ചൊക്രമുടിയുടെ മറ്റൊരു പ്രത്യേകത 360 വ്യൂ ആണ്. ദേവികുളം, ബൈസണ്‍ വാലിയും ആനമുടിയും മീശപ്പുലിമലയും ഒക്കെ ചൊക്രമുടിയെ ചുറ്റി തലയുയര്‍ത്തിനില്‍ക്കുന്ന കാഴ്ച മനോഹരമാണ്.
സ്വദേശികള്‍ക്ക് 400 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് ഫീസ്. ഗൈഡിന്‍റെ സഹായവും ലഭിക്കും. 6 പേര്‍ക്ക് ഒരു ഗൈഡ് എന്ന രീതിയിലാണ് വനംവകുപ്പ് ക്രമീകരിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക്: https://www.keralatourism.holiday/best-places/munnar/chokramudi-peak.php
പാലുകാച്ചിമല
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ. സമുദ്രനിരപ്പില്‍ നിന്ന് 2347 അടി ഉയരത്തില്‍ ഉള്ള പാലുകാച്ചി മല കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്നു. രണ്ടുകിലോമീറ്ററോളം വനത്തിലൂടെ മലകയറിയാല്‍ പാലുകാച്ചിമലക്ക് മുകളിലെത്താം.
നനുത്ത കാറ്റടിക്കുന്ന പുല്‍മേട്ടില്‍ 360 ഡിഗ്രി ദൂരക്കാഴ്ചകളാണ് മലക്ക് മുകളില്‍ കാത്തിരിക്കുന്നത്. ദിവസവും രാവിലെ 8 മുതല്‍ വൈകീട്ട് 4.30 വരെയാണ് പ്രവേശനം. വൈകീട്ട് ആറ് മണിക്ക് മുമ്ബ് സഞ്ചാരികള്‍ വനത്തിന് പുറത്ത് കടക്കണം.10 പേര്‍ വീതമുള്ള സംഘമായാണ് സഞ്ചാരികളെ മലമുകളിലേക്ക് കടത്തിവിടുക. സംഘത്തിന് ഒപ്പം ഗൈഡും പ്രത്യേകം നിയമിച്ചിട്ടുളള ജീവനക്കാരും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: https://dtpckannur.com/experience detail/43/15