രാജ്യത്ത് 2025 മുതല്‍ ഉപകരണങ്ങൾക്ക് ടൈപ് സി പോര്‍ട്ട് നിര്‍ബന്ധമാക്കും
രാജ്യത്തെ മൊബൈൽ ഉപകരണങ്ങളിൽ കോമൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. 2025 മാർച്ച് മുതൽ രാജ്യത്ത് പുറത്തിറങ്ങുന്ന മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കും. സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വെയറബിൾ ഉപകരണങ്ങൾക്ക് മറ്റൊരു കോമൺ ചാർജർ നിര്‍ബന്ധമാക്കും.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈപ്പ് സി ചാർജിംഗ് പോർട്ടിന്‍റെ ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി. ഫീച്ചർ ഫോണുകൾക്കായി മറ്റൊരു കോമൺ ചാർജറും അവതരിപ്പിച്ചേക്കും. 2024 ഡിസംബർ മുതൽ യൂറോപ്യൻ യൂണിയനും ടൈപ്പ് സിയിലേക്ക് മാറുകയാണ്. 2026 മുതൽ യൂറോപ്പിൽ വിൽക്കുന്ന ലാപ്ടോപ്പുകൾക്ക് ടൈപ്പ് സി പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. കോമൺ ചാർജറുകൾ ഇ-വേസ്റ്റിന്റെ അളവ് കുറയ്ക്കുമെന്ന് കണക്കാക്കപ്പെടുന്നു.
നിലവിൽ, രാജ്യത്തെ മിക്ക ആൻഡ്രോയിഡ് ഫോണുകളും ടൈപ്പ്-സി ഉപയോഗിക്കുന്നു. ലൈറ്റിനിംഗ് പോർട്ട് ഉപയോഗിക്കുന്ന ആപ്പിൾ ഐഫോണുകൾക്ക് ഈ തീരുമാനം തിരിച്ചടിയാകും. അതേസമയം, ആപ്പിൾ ടൈപ്പ് സി പോർട്ടിന് പകരം വയർലെസ് ചാർജിംഗ് മാത്രമുള്ള ഫോണുകൾ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 2024 ൽ പുറത്തിറങ്ങുന്ന ഐഫോൺ 16 സീരീസ് ആകും വയർലെസ് ചാർജിംഗ് മാത്രമുള്ള ആദ്യ ഫോൺ.