ക്രിസ്മസ് രാത്രി കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
കട്ടപ്പന: ക്രിസ്മസ് രാത്രി കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച അഞ്ച് യുവാക്കള്‍ അറസ്റ്റില്‍.
കട്ടപ്പന സുവര്‍ണഗിരി തോവരയാര്‍ കീരിയാനിക്കല്‍ നിഖിലിനെയാണ് (20) ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന മഞ്ഞപ്പള്ളില്‍ ഐ.ടി.ഐ വിദ്യാര്‍ഥി അമല്‍ (20), കട്ടപ്പനയിലെ ഹോട്ടല്‍ ജീവനക്കാരന്‍ തോമസ് (26), കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിന്‍ ജോസ് (24), കട്ടപ്പന ഇഞ്ചയില്‍ സുദീപ് (25), വലിയകണ്ടം കുളത്തുങ്കല്‍ അരവിന്ദ് (24) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
മര്‍ദനമേറ്റ യുവാവിന് ആദ്യഘട്ടത്തില്‍ പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് ഇടപെട്ട് യുവാവിനെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി കേസ് എടുക്കുകയായിരുന്നു. മദ്യലഹരിയിലാണ് വാക്തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്. അറസ്റ്റിലായ യുവാക്കളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
സ്റ്റേഷനില്‍ അറിയിച്ചയാളെ എസ്.ഐ മര്‍ദിച്ചെന്ന് പരാതി
കട്ടപ്പന: കട്ടപ്പന ബസ് സ്‌റ്റാന്‍ഡില്‍ നടന്ന സംഘര്‍ഷം പരിഹരിക്കാനെത്തിയ എസ്.ഐ തട്ടുകടയില്‍നിന്ന യുവാവിനെയും ബസ് കാത്തുനിന്നവരെയും മര്‍ദിച്ചതായി പരാതി. ഗ്രേഡ് എസ്.ഐ ഡി. സുരേഷിനെതിരെയാണ് ആരോപണം. മര്‍ദനമേറ്റ ഇരട്ടയാര്‍ സ്വദേശിയായ സെബിന്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.
തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെ രണ്ട് കാറിലെത്തിയ യുവാക്കള്‍ ചേര്‍ന്ന് സുവര്‍ണഗിരി സ്വദേശിയായ 22 കാരനെ മര്‍ദിച്ചിരുന്നു. ഈ സമയം സെബിന്‍ അടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു.സംഘര്‍ഷം രൂക്ഷമായതോടെ സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ഐ സംഘര്‍ഷമുണ്ടാക്കിയവരെ പിടികൂടാതെ ബസ് കാത്തുനിന്നവരെയടക്കം അസഭ്യം പറഞ്ഞ് ചൂരലുകൊണ്ട് മര്‍ദിക്കുകയായിരുന്നത്രേ.
ഇവരല്ല പ്രശ്നമുണ്ടാക്കിയതെന്ന് എസ്.ഐയോട് വിവരിച്ചെങ്കിലും തന്നെയും മര്‍ദിച്ചെന്ന് സെബിന്‍ പറയുന്നു. ആരോട് ചോദിച്ചിട്ടാണ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തതെന്ന് എസ്.ഐ ചോദിച്ചതായും എസ്.പിക്ക് നല്‍കിയ പരാതിയിലുണ്ട്.