തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കാന്‍ കരളുറപ്പും വേണമെന്നു തെളിയിക്കുകയാണു കൂവപ്പടി പഞ്ചായത്തിലെ തൊഴിലാളികള്‍
പെരുമ്പാവൂർ: തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കാന്‍ കരളുറപ്പും വേണമെന്നു തെളിയിക്കുകയാണു കൂവപ്പടി പഞ്ചായത്തിലെ തൊഴിലാളികള്‍.
പെരിയാര്‍വാലി കനാല്‍ നന്നാക്കുമ്ബോള്‍ താഴ്ചയുള്ള ഭാഗത്ത് സാഹസികമായി ഇറങ്ങിധൈര്യസമേതത്തോടെയാണു തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. കപ്രിക്കാട്, കിഴക്കേ ഐമുറി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ താഴ്ചയുള്ള കനാലുകള്‍. 6 മീറ്റര്‍ വരെ ആഴമുണ്ട്.
കയറില്‍ തൂങ്ങിയും കോണി ഉപയോഗിച്ചും അതിസാഹസികമായാണു ജോലി. കൂവപ്പടി പഞ്ചായത്തില്‍ 2022 – 23 വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഡിസംബര്‍ മാസത്തോടെ 3.60 കോടി രൂപ ചെലവഴിച്ചതായി പ്രസിഡന്റ് മിനി ബാബു ,വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍ എന്നിവര്‍ അറിയിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ 6 പഞ്ചായത്തുകളില്‍ കൂവപ്പടി പഞ്ചായത്ത് 1683 കുടുംബങ്ങള്‍ക്കായി 96951 തൊഴില്‍ ദിനം സൃഷ്ടിച്ച് ബ്ലോക്ക് തലത്തില്‍ ഒന്നാമതായി. ശരാശരി 57.7 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയില്‍ കോഴിക്കൂട്, ആട്ടിന്‍ കൂട്, കാലിത്തൊഴുത്ത്, സോക് പിറ്റ്, കംപോസ്റ്റ് പിറ്റ് എന്നിവ നിര്‍മിച്ചു നല്‍കി . മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തികള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ആസ്തി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മാണവും നടത്തി.