ഉന്തിയ പല്ല് കാരണം യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായി
പാലക്കാട്: ഉന്തിയ പല്ല് കാരണം യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായി. അട്ടപ്പാടി ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണു പല്ലിന്റെ തകരാര്‍ സര്‍ക്കാര്‍ ജോലിക്കു തടസമായത്.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലിയാണ് മുത്തുവിന് നഷ്ടമായത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ സ്പെഷല്‍ റിക്രൂട്മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു എത്തിയത്. ഇതിനു മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇതാണ് ജോലിക്ക് തടസമായത്.
ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാര്‍ പരിഹരിക്കാമെന്നാണു വിദഗ്ധാഭിപ്രായം.
മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണു പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ കഴിയാതിരുന്നതെന്നു മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്പെഷ്യല്‍ റൂളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു പിഎസ്‌സി വ്യക്തമാക്കി. ഇതു കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്ബല്ല് (മുന്‍പല്ല്) ഉള്‍പ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും പിഎസ്‌സി അധികൃതര്‍ പറയുന്നു.