ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീല്‍ ബേയില്‍ മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തി
ലണ്ടന്‍: ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീല്‍ ബേയില്‍ മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തി.ടിയുഐ എയര്‍വേയ്സിന്റെ ജെറ്റില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നാണ് ഗാംബിയന്‍ അധികൃതര്‍ പറയുന്നത്. ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നത്.
“2022 ഡിസംബര്‍ 5-ന് ബഞ്ചുളില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള ടിയുഐ ഫ്ലൈറ്റില്‍ മരിച്ച ഒരാളെ കണ്ടെത്തി. യുകെയിലെ സസെക്സ് മെട്രോപൊളിറ്റന്‍ പൊലീസില്‍ നിന്ന് ഗാംബിയ സര്‍ക്കാരിന് ഇന്ന് ലഭിച്ച ഈ വിവരം അഗാധമായ ഞെട്ടലും സങ്കടവും ഉണ്ടാക്കി” പ്രസ്താവനയില്‍ പറയുന്നു. വിമാനത്തിന്റെ വീല്‍ ബേയ്ക്കുള്ളില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അയാളുടെ പേര്, വയസ്സ്, പൗരത്വം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍, അദ്ദേഹം ആരാണെന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മരിച്ചത് ഗാംബിയന്‍ പൗരനാണോ അതോ ഗാംബിയ വഴി മറ്റൊരിടത്തേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്ന വ്യക്തിയാണോ എന്നും വ്യക്തമല്ല.