എഴുകുംവയലില്‍ തസ്കര വിളയാട്ടം
കട്ടപ്പന: എഴുകുംവയലില്‍ മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ ദിവസം ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ ഒന്നര പവന്റെ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. സമീപത്തെ മൂന്ന് വീടുകളിലും കവര്‍ച്ചാശ്രമം ഉണ്ടായി. എഴുകുംവയല്‍ വിരുപ്പില്‍ സുരേന്ദ്രന്റെ ഭാര്യ ശോഭയുടെ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. അടുക്കള വാതില്‍ തകര്‍ത്താണ് കള്ളന് അകത്ത് കടന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാല്‍ ശോഭ മരുന്ന് കഴിച്ചശേഷം കിടന്നുറങ്ങി.സുരേന്ദ്രന് എറണാകുളത്ത് മക്കളുടെ അടുത്ത് പോയതിന് ശേഷം വൈകിയാണ് വീട്ടിലെത്തിയത്. ഇതിനിടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഇതേ സമയത്താണ് സമീപത്തെ മറ്റു വീടുകളുടെയും വാതിലുകള്‍ തകര്‍ത്ത് മോഷണ ശ്രമമുണ്ടായത്. മോഷണം നടന്ന സുരേന്ദ്രന്റെ വീട്ടില്‍ പോലീസും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും പരിശോധനക്കെത്തി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ കവര്‍ച്ചാസംഘം എത്തുന്നത് ജനങ്ങളെ ആശങ്കപെടുത്തുന്നുണ്ട്. അപരിചിതര്‍ ടൗണില്‍ എത്തുന്നത് ശ്രദ്ധിക്കണമെന്നും പോലീസ് പ്രദേശത്ത് പെട്രോളിങ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.