കേരളത്തിലെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ഇനി ശനിയാഴ്ചകളിൽ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇനി ശനിയാഴ്ച അവധിയായിരിക്കും. നിലവിൽ ആഴ്ചയിൽ ആറ് ദിവസമാണ് വിഎച്ച്എസ്ഇ ക്ലാസുകൾ നടക്കുന്നത്. ഇപ്പോൾ ശനിയാഴ്ചകളിൽ അവധി നൽകിക്കൊണ്ട് അധ്യയന ദിവസങ്ങൾ അഞ്ചായി ചുരുക്കി.
വിദ്യാർത്ഥികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസം പഠിക്കുന്നത് കുട്ടികളിൽ പഠന ഭാരവും മാനസിക പിരിമുറുക്കവും സൃഷ്ടിക്കുന്നുവെന്ന് തുടക്കം മുതൽ തന്നെ പരാതി ഉയർന്നിരുന്നു.
പുതുക്കിയ നാഷണൽ സ്കിൽ എലിജിബിലിറ്റി ഫ്രെയിംവർക്ക് പ്രകാരം കോഴ്സുകളുടെ അധ്യാപന സമയം 1120 മണിക്കൂറിൽ നിന്ന് 600 മണിക്കൂറായി കുറച്ചിട്ടുണ്ട്. എന്നാൽ ഈ മാറ്റമുണ്ടായിട്ടും സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ആഴ്ചയിൽ ആറ് ദിവസമാണ് ക്ലാസുകൾ നടന്നുകൊണ്ടിരുന്നത്. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തിക്കൊണ്ട് ശനിയാഴ്ചത്തെ അധ്യയനം ഒഴിവാക്കും.