സാം കറന് റെക്കോർഡ് തുക, 18.50 കോടിക്ക് പഞ്ചാബിൽ, ബ്രൂക്കിന് 13.25 കോടി, സ്റ്റോക്സ് 16.25 കോടി
കൊച്ചി∙ ഐപിഎൽ താരലേലത്തിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് പൊന്നുംവില. ഓൾ റൗണ്ടർ സാം കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 13 കോടി 25 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിലെത്തി. 1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ബ്രൂക്കിനെ രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുമായി ശക്തമായ മത്സരം നടത്തിയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
23 വയസ്സുകാരനായ യുവതാരം ഇംഗ്ലണ്ടിനായി 20 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു അർധ സെഞ്ചറിയടക്കം 372 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ നാലു കളികളിൽനിന്ന് മൂന്ന് സെഞ്ചറിയുൾപ്പെടെ സ്വന്തമാക്കിയത് 480 റൺസ്. ബെൻ സ്റ്റോക്സ് 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി. ലക്നൗ സൂപ്പർ ജയന്റ്സുമായുള്ള പോരാട്ടത്തിനൊടുവിലാണ് സ്റ്റോക്സിനെ ചെന്നൈ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനെ 15.5 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരാൻ 16 കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സിലെത്തി. ദക്ഷിണാഫ്രിക്കയുടെ ഹെൻറിച് ക്ലാസൻ 5.25 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദില്‍ കളിക്കും. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസണെ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഇന്ത്യൻ താരം മയാങ്ക് അഗർവാളിനെ 8.25 കോടി രൂപയ്ക്ക് സൺറൈസേഴ്സിലെത്തി. സിംബാബ്‍വെയുടെ സിക്കന്ദർ റാസയെ 50 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ഒഡിൻ സ്മിത്ത് 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റൻസിലെത്തി. അജിൻക്യ രഹാനെയെ 50 ലക്ഷം അടിസ്ഥാന വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ദക്ഷിണാഫ്രിക്കന്‍ താരം റിലീ റൂസോ എന്നിവരെ ആരും വാങ്ങിയില്ല.