മാർക്ക് ലിസ്റ്റ് തിരുത്താൻ കൈക്കൂലി, പെരുമാറ്റദൂഷ്യം: എൽസിയെ പിരിച്ചുവിട്ടു
മാർക്ക് ലിസ്റ്റ് തിരുത്താൻ കൈക്കൂലി, പെരുമാറ്റദൂഷ്യം: എൽസിയെ പിരിച്ചുവിട്ടു കോട്ടയം • എംജി സർവകലാശാല സെക്‌ഷൻ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. സിൻഡിക്കേറ്റ് തീരുമാനത്തെത്തുടർന്ന് പ്രൊ വൈസ് ചാൻസലറാണ് പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.
മാർക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാർഥിയിൽനിന്നു കൈക്കൂലി വാങ്ങിയതിനെത്തുടർന്ന് വിജലൻസ് എൽസിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് എൽസിയെ സസ്പെൻഡ് ചെയ്തു. അന്വേഷണം നടത്തുന്നതിന് സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽസിയെ പിരിച്ചുവിട്ടത്.
എൽസിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയും അധികാര ദുർവിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2 വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ മാർക്ക് തിരുത്തി. വിദ്യാർഥികളെ വിജയിപ്പിക്കുന്നതിനായാണ് ക്രമക്കേട് നടത്തിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് സിൻഡിക്കേറ്റ് എൽസിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. എൽസി നൽകിയ മറുപടി തൃപ്തിപകരമല്ലാത്തതിനാൽ സർവീസിൽനിന്നു പിരിച്ചുവിടാൻ പ്രൊ വൈസ് ചാൻസലറോട് സിൻഡിക്കേറ്റ് നിർദേശിക്കുകയായിരുന്നു. തുടർന്നു പിരിച്ചുവിട്ടതായി അറിയിച്ച് റജിസ്ട്രാർ ഡോ.ബി.പ്രകാശ് കുമാർ ഉത്തരവിറക്കി.