2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ജനുവരി രണ്ടിന് ഉണ്ടാകും
ദില്ലി : 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ജനുവരി രണ്ടിന് ഉണ്ടാകും.ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2016 ലെ സര്‍ക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഡിസംബര്‍ ഏഴിന് കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും (ആര്‍ബിഐ) നിര്‍ദേശിച്ചിരുന്നു.
ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കേന്ദ്ര സര്‍ക്കാറിനായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും റിസര്‍വ് ബാങ്കിനായി അവരുടെ അഭിഭാഷകനും ഹാജരായി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാന്‍ എന്നിവരും ഹാജരായി. 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയത് ഗുരുതരമായ പിഴവാണെന്ന് ചിദംബരം വാദിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശയില്‍ മാത്രമേ നോട്ടുനിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂവെന്നും കേന്ദ്ര സര്‍ക്കാരിന് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു.
2016 നവംബര്‍ എട്ടിന് നാടകീയമായാണ് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. രാത്രി 12 മുതല്‍ അതുവരെ പ്രചാരത്തിലുണ്ടായിരുന്നതും ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നതുമായ 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുകയാണെന്ന് രാത്രി എട്ടിന് അദ്ദേഹം പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ നോട്ട് മാറിക്കിട്ടാന്‍ ആയിരങ്ങളാണ് ക്യൂവില്‍ നിന്നത്. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 1000 രൂപയുടെ നോട്ടിന് പകരമായി 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കി. 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.