അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ പതിനേഴുകാരി ദേവനന്ദ
തൃശൂര്‍: അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ പതിനേഴുകാരി ദേവനന്ദ. ഒടുവില്‍ പ്രായത്തിന് പോലും ദേവനന്ദയുടെ തീരുമാനത്തെ തടയാനായില്ല.
കരള്‍ ദാനം ചെയ്യുന്നതിന് ദേവനന്ദക്ക് മുന്നിലുള്ള തടസ്സം പ്രായമായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ച് നിന്ന് ഹൈക്കോടതിയില്‍പോരാടിയ ഈ മകള്‍ക്ക് അഭിനന്ദനങ്ങള്‍ കൂടി അറിയിച്ചാണ് കരള്‍ ദാനത്തിനുള്ള അനുമതി ഹൈക്കോടതി നല്‍കിയത്. അതേസമയം അഛനോടുള്ള കടമയെ ഒരു ത്യാഗമായി കാണാന്‍ ഈ പതിനേഴ് വയസ്സുകാരി ഒരുക്കമല്ല. മകള്‍ നല്‍കുന്ന ആത്മവിശ്വാസമാണ് മുന്നോട്ട് പോകാന്‍ അഛന്‍ പ്രതീഷിനും ധൈര്യം നല്‍കുന്നത്.
അസാധാരണമായ ഒരു പോരാട്ടത്തിന് ഒടുവില്‍ അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ ദേവനന്ദ എന്ന പതിനേഴ് വയസ്സുകാരിക്ക് അനുമതി നല്‍കുമ്ബോള്‍ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞത് ഇങ്ങനെയാണ്. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കള്‍ ഭാഗ്യവാന്മാരാണ്. ഇതോടെയാണ് തൃശൂര്‍ സ്വദേശികളായ ഈ അച്ഛനും മകളും മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.
അപ്രതീക്ഷിതമായാണ് പ്രതീഷിന് കരള്‍ രോഗം പിടിപെടുന്നത്. കരള്‍ മാറ്റി വെക്കല്ലലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് വഴികളില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ പുറത്ത് നിന്നും ഒരു ദാതാവിനെ തേടാനുള്ള സാമ്ബത്തിക പശ്ചാത്തലം ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല.
പ്രതീക്ഷ നഷ്ട്ടപ്പെട്ട ഒരു കുടുംബത്തെ ഒടുവില്‍ താങ്ങി നിര്‍ത്തിയത് മകള്‍ ദേവനന്ദയാണ്. എന്നാല്‍ 17 വയസ്സ് മാത്രമായ കുട്ടിക്ക് അവയവ ദാനത്തിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു . ഉറച്ച തീരുമാനത്തില്‍ നിന്ന് കൊണ്ടുള്ള പോരാട്ടമായിരുന്നു പിന്നീട് ദേവനന്ദയുടേത്.
പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ നടന്നെങ്കിലും ഈ മകള്‍ അച്ഛനെ കൈവിട്ടില്ല. ഒടുവില്‍ അസാധാരണ മനക്കരുത്തുള്ള കുട്ടിക്ക് അഭിനന്ദനങ്ങളോടെ ഹൈക്കോടതി കരള്‍ ദാനത്തിനുള്ള അനുമതി നല്‍കി. അപ്പോഴും അച്ഛന് വേണ്ടി ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യമായാണ് ദേവനന്ദ ഇതിനെ കാണുന്നത്. തന്റെ തീരുമാനത്തെ ത്യാഗമായി കാണാനും ഈ മകള്‍ക്ക് താല്പര്യമില്ല .
പ്രതീഷ് തന്നെ തന്റെ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകള്‍ തന്ന ആത്മവിശ്വാസത്തിലാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും പ്രതീഷ് പറഞ്ഞു. ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഇരുവരും. അതുവരെ അതീവ ശ്രദ്ധയോടെ ആരോഗ്യം സംരക്ഷിക്കണം. ശസ്ത്രക്രിയക്ക് ശേഷം 6 മാസത്തെ വിശ്രമത്തിന് ഒടുവില്‍ വീണ്ടും പഴയ ഊര്‍ജ്ജത്തോടെ ഈ ആച്ഛനും മകളും തിരിച്ചെത്തും.