കാനനപാതയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

എരുമേലി: കണമല, കാളകെട്ടി, അഴുതക്കടവ്, കോയിക്കാവ്, ഇരുമ്ബൂന്നിക്കര ഭാഗങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.കാനനപാതയിലെ ഹോട്ടലുകളില്‍ പഴകിയ ആഹാരസാധനങ്ങള്‍ നല്‍കുന്നതായി തീര്‍ഥാടകരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ഷാജിമോന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കണമലയിലെ ഹോട്ടലില്‍നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ കണ്ടെടുത്തു നശിപ്പിച്ചു.
അടിസ്ഥാന സൗകര്യം ഇല്ലാതെ അന്തര്‍സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കഴിഞ്ഞദിവസം റവന്യൂ സ്ക്വാഡ് എരുമേലിയില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് കാര്‍ഡ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
എരുമേലിയിലും തുടര്‍ പരിശോധന ശക്തമാക്കിയതായി ഹെല്‍ത്ത് ഓഫിസര്‍ അറിയിച്ചു. രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ വരുംദിവസങ്ങളില്‍ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. സന്തോഷ്, ജിതിന്‍ കെ.ഗോപകുമാര്‍, പ്രശാന്ത്‌എന്നിവര്‍ പങ്കെടുത്തു.