സ്ത്രീകള്‍ക്ക് കുറഞ്ഞചെലവില്‍ ഇനി നഗരത്തില്‍ സുരക്ഷിതമായി താമസിക്കാം
കൊച്ചി: സ്‌ത്രീകള്‍ക്ക് കുറഞ്ഞചെലവില്‍ ഇനി നഗരത്തില്‍ സുരക്ഷിതമായി താമസിക്കാം. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കാക്കനാട് കുന്നുംപുറത്ത് നിര്‍മിച്ച വനിതാമിത്ര കേന്ദ്രം വ്യാഴം പകല്‍ രണ്ടിന് വനിത– ശിശു വികസനമന്ത്രി വീണാ ജോര്‍ജ് ഉദ്‌ഘാടനം ചെയ്യും.വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ സി റോസക്കുട്ടി അധ്യക്ഷയാകും.
തൃക്കാക്കര നഗരസഭയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് വനിതാമിത്ര കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. എട്ടുകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച കേന്ദ്രത്തില്‍ 130 സ്ത്രീകള്‍ക്ക് താമസിക്കാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. ആദ്യഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന കെട്ടിട്ടം നീവകരിച്ചു. രണ്ടാംഘട്ടത്തില്‍ പുതിയ കെട്ടിടംകൂടി ഹോസ്റ്റലിനായി നിര്‍മിച്ചു. ഷട്ടില്‍ കോര്‍ട്ട്, സൗജന്യ വൈഫൈ, അംഗപരിമിതിയുള്ളവര്‍ക്ക് പ്രത്യേക മുറികള്‍ എന്നിവയുമുണ്ട്.
കുട്ടികള്‍ക്കുള്ള ക്രഷ് സൗകര്യം തമാസിക്കുന്നവര്‍ക്കും പരിസരപ്രദേശങ്ങളിലെ ജോലിക്കാരായ അമ്മമാര്‍ക്കും പ്രയോജനപ്പെടുത്താം. ഭക്ഷണവിതരണത്തിനുള്ള സംവിധാനവും സജ്ജം. ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്നവര്‍ക്ക് ഇൗ കേന്ദ്രം ഏറെ പ്രയോജനമാകും. വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും ഉപയോഗപ്പെടുത്താം.
‘സേഫ് സ്‌റ്റേ’ ആപ് മുഖേനയും ബുക്ക് ചെയ്യാംവനിതാമിത്ര കേന്ദ്രങ്ങളിലെ താമസം ‘സേഫ് സ്‌റ്റേ’ ആപ് മുഖേനയും ബുക്ക് ചെയ്യാം. ആപ് മുഖേന ബുക്ക് ചെയ്യാന്‍, കാക്കനാട്ടെ വനിതാമിത്ര കേന്ദ്രത്തില്‍ അഞ്ചു മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന വനിതാ വികസന കോര്‍പറേഷനുകീഴില്‍ സംസ്ഥാനത്ത് നിലവില്‍ ഒമ്ബത് വനിതാമിത്ര കേന്ദ്രങ്ങളുണ്ട്. ഇതിന്റെയും, വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റു ഹോസ്റ്റലുകളുടെയും വിവരങ്ങളും ആപ്പില്‍ ലഭിക്കും. www.safestaykswdc.com എന്ന പോര്‍ട്ടലിലും മുറികള്‍ ബുക്ക് ചെയ്യാം.