കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്
കൊല്ലം: കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.
വൈകിട്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവില്‍ കോവിഡ് കേസുകളില്‍ വര്‍ധനയില്ല. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കകളില്ല. ആവശ്യമെങ്കില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്തും വെല്ലുവിളികള്‍ നേരിടാന്‍ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു. കോവിഡ് അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് ആവര്‍ത്തിച്ച് പറഞ്ഞ മന്ത്രി, പൂര്‍ണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്തിപ്പെടുത്താന്‍ കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി എല്ലാ കോവിഡ്-19 കേസുകളുടെയും സാമ്ബിളുകള്‍ INSACOG ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് (IGSLs) ദിവസേന അയയ്‌ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2022 ഡിസംബര്‍ 19-ന് അവസാനിച്ച ആഴ്‌ചയില്‍ രാജ്യത്തെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം 158 ആയി കുറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ 6 ആഴ്‌ചയായി ആഗോള പ്രതിദിന ശരാശരി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ഡിസംബര്‍ 19-ന് അവസാനിച്ച ആഴ്‌ചയില്‍, ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതിന് പിന്നില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ പുതിയതും വേഗത്തില്‍ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തി.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പരിഷ്കരിച്ച നിരീക്ഷണ സംവിധാനങ്ങള്‍ക്കായുള്ള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2022 ജൂണില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പുതിയ സാര്‍സ്-കൊവി-2 (SARS-CoV-2) വകഭേദങ്ങളുടെ അണുബാധ നേരത്തെ കണ്ടെത്തുന്നതിനും രോഗിയെ അന്യരില്‍ നിന്നും അകററി നിര്‍ത്തുന്നതിനും പരിശോധനയ്ക്കും, സമയബന്ധിതമായി രോഗബാധിതരെ കൈകാര്യം ചെയ്യുന്നതിനും നിര്‍ദ്ദേശിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി