Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിൽ നിന്ന്



വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ബഫര്‍ സോണ്‍ (ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണ്‍)
ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്ന് ആദ്യം തന്നെ വ്യക്തമാക്കട്ടെ.

സംസ്ഥാനത്തിന്‍റെ നിലപാട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും പരിധിയില്‍ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉറച്ച നിലപാട്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണ്.

ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും ചേര്‍ത്ത് മാത്രമേ അന്തിമ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കുകയുള്ളൂ.

സുപ്രീം കോടതി നിശ്ചയിച്ച ബഫര്‍സോണ്‍ പ്രദേശങ്ങള്‍ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് എന്ന് കോടതി മുന്‍പാകെ തെളിയിക്കുന്നതിനാണ് എല്ലാ നിര്‍മ്മാണങ്ങളും ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നത്.


ബഫര്‍സോണ്‍ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാര്‍ക്കോ കര്ഷകർക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല.
ഈ പ്രദേശങ്ങള്‍ ബഫര്‍സോണ്‍ ആക്കാന്‍ പ്രായോഗികമായുള്ള പ്രയാസങ്ങള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും.

ജനവാസ പ്രദേശങ്ങള്‍ വ്യക്തമാക്കി നിര്‍മ്മാണങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കുകളും ഭൂപടം സഹിതമുള്ള തെളിവുകളും ഹാജരാക്കും.
സുപ്രീം കോടതിയില്‍ കേരളം ഫയല്‍ ചെയ്ത പുന:പരിശോധനാ ഹര്‍ജി ഹിയറിംഗിന് വരുമ്പോള്‍ ഈ തെളിവുകള്‍ പൂര്‍ണ്ണ തോതില്‍ ലഭ്യമാക്കും.

രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2011 ഫെബ്രുവരി 9 നാണ് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്കുചുറ്റും കേന്ദ്ര സര്‍ക്കാരിന്‍റെ ബഫര്‍ സോണ്‍ പ്രഖ്യാപനം ഉണ്ടായത്. ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ബഫര്‍ സോണ്‍ പ്രഖ്യാപനം നടത്തിയത്.

2002 ലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സ്ട്രാറ്റജിയുടെ (അന്ന് എന്‍ഡിഎ സര്‍ക്കാര്‍) ചുവടുപിടിച്ചാണ് 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തുന്നത് എന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ ജയറാം രമേശ് കടുത്ത നിര്‍ബന്ധബുദ്ധിയാണ് കാണിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ ബഫര്‍ സോണ്‍ മനഃപൂര്‍വ്വം നടപ്പാക്കാതിരിക്കുകയാണെന്ന് 2010 ല്‍ തന്നെ അദ്ദേഹം ആക്ഷേപം ഉന്നയിച്ചിരുന്നു.

2011 ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ബഫര്‍ സോണിനെക്കുറിച്ച് പരിശോധിക്കുന്നതിന് സംസ്ഥാന വന്യ ജീവി ബോര്‍ഡിന്‍റെ മൂന്ന് ഉപ സമിതികള്‍ രൂപീകരിക്കുകയുണ്ടായി. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, എന്‍ ഷംസുദ്ദീന്‍ എന്നീ യുഡിഎഫ് എംഎല്‍എമാരായിരുന്നു ഉപസമിതി അധ്യക്ഷന്മാര്‍.

2013 ജനുവരി 16 നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന് ചുറ്റും ബഫര്‍ സോണ്‍ നിര്‍ണ്ണയിക്കുന്നതിനുള്ള സംസ്ഥാന വന്യജീവി ബോര്‍ഡിന്‍റെ ഉപസമിതി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തിയത്.

2013 ഫെബ്രുവരി 11 നായിരുന്നു വയനാട് വൈല്‍ഡ് ലൈഫ് സാങ്ക്ച്വറിക്കുചുറ്റും ബഫര്‍ സോണ്‍ നിര്‍ണ്ണായിക്കാനുള്ള ഉപസമിതി വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

ഈ യോഗങ്ങളില്‍ ജനപ്രതിനിധികള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചെങ്കിലും ഉപസമിതികള്‍ അത് ഗൗനിച്ചോ എന്നതില്‍ സംശയമുണ്ട്.

ഉപസമിതി സിറ്റിങ്ങുകള്‍ക്കും മറ്റും ശേഷം കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ വേണമെന്നാണ് പിന്നീട് യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചത്.

തുടര്‍ന്ന് 2013 മേയ് എട്ടിന്‍റെ മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ നമ്പര്‍ 12881/ഡി 2/2012 വനം, ഇനം നമ്പര്‍ 3443 ആയി ദേശീയ ഉദ്യാനങ്ങള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും ചുറ്റും 0 മുതല്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന് അന്നത്തെ സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു.

നിശ്ചയിച്ച ബഫര്‍ സോണ്‍ മേഖലയില്‍ നിന്നും മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം അന്ന് എടുത്തെങ്കിലും അതിനു ആവശ്യമായ രേഖകള്‍ കേന്ദ്രത്തിന് യഥാ സമയം സമര്‍പ്പിച്ചില്ല. കേന്ദ്ര വിദഗ്ദ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സമയബന്ധിതമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയില്ല.

2016 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആളുകളുടെ ജീവിതം, ഉപജീവനം എന്നിവയെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്താനാണ് നിലപാടെടുത്തത്. അതിനായി വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ നടത്തി.

കേരളത്തെ പോലുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദ ഫലമായി 2019 ആഗസ്റ്റ് 8 ന് കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം പുതുക്കിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. അതുപ്രകാരം 10 കിലോമീറ്റര്‍ ബഫര്‍ സോണിനകത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്‍റെ അനുമതി വേണ്ട എന്ന നില വന്നു. ബഫര്‍സോണില്‍ ഒരു പ്രവൃത്തിയും പറ്റില്ല എന്ന് പറഞ്ഞിടത്താണ് സംസ്ഥാനങ്ങളുടെ സമ്മര്‍ദം കാരണം ഈ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.

പിന്നീട് തുടര്‍ച്ചയായുണ്ടായ പ്രളയത്തിന്‍റെയും മറ്റ് പ്രകൃതിദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ട ഘട്ടത്തില്‍ ആണ് ബഫര്‍ സോണ്‍ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

‘പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ ‘ എന്നതില്‍ നിന്നും ബഫര്‍ സോണ്‍ പരിധി ‘0 മുതല്‍ 1 കിലോമീറ്റര്‍ വരെ’ നിജപ്പെടുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇതുസംബന്ധിച്ച് 2019 ഒക്ടോബര്‍ 31 ന് മന്ത്രിസഭ തീരുമാനിച്ചു.

ഈ ഉത്തരവില്‍ ഒരു കി.മീ പ്രദേശം നിര്‍ബന്ധമായും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയിരിക്കണം എന്ന് പറയുന്നില്ല. പൂജ്യം മുതല്‍ ഒരു കിലോ മീറ്ററില്‍ താഴെ എത്ര വേണമെങ്കിലും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി നിശ്ചയിക്കാമെന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. ബഫര്‍ സോണ്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ നേരിട്ട് ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ അത്യാവശ്യമെങ്കില്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടിവരുമോ എന്ന് ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനയില്‍ മനസ്സിലാക്കുന്നതിനാണ് ഈ പൊതു നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയത്. ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ല എന്ന് കാണുകയും ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് 22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ബഫര്‍ സോണ്‍ നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിയ്ക്കുകയും ചെയ്തു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള എല്ലാ നിര്‍ദ്ദേശങ്ങളിലും ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കിയിട്ടുള്ളതാണ്. ആ ഘട്ടത്തില്‍ ഉയര്‍ന്ന പരാതികളും അഭിപ്രായങ്ങളും സര്‍ക്കാര്‍ പരിഗണിച്ചു ജനങ്ങളെ നേരിട്ടുകേട്ടു.

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് 2020 സെപ്റ്റംബര്‍ 28ന് വനംവന്യജീവി വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് 2019 ഒക്ടോബര്‍ 31 ന്‍റെ തീരുമാനത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ബഫര്‍ സോണ്‍ പ്രഖ്യാപിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ മേഖലകള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ എന്നിവയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇടുക്കി, ആറളം, കൊട്ടിയൂര്‍, ശെന്തുരിണി, തട്ടേക്കാട്, പെരിയാര്‍, വയനാട്, സൈലന്‍റ് വാലി, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാറ, പീച്ചി എന്നീവയുള്‍പ്പെടെയുള്ള വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളുടെ പുതുക്കിയ രൂപത്തോടുകൂടിയ കരട് ഭേദഗതി നിര്‍ദ്ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്‍റെ പരിഗണനക്കായി അയച്ചു. ഇത് പരിശോധിച്ച് വിദഗ്ദ്ധ സമിതിയുടെ യോഗത്തില്‍ വെച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ഘട്ടത്തിലെത്തി നില്‍ക്കവെയാണ് ഗോദവര്‍മ്മന്‍ തിരുമല്‍പ്പാട് കേസില്‍ 2022 ജൂണ്‍ 3 ന് സുപ്രീം കോടതി വിധിയുണ്ടായത്.

ഈ കേസിലെ വിധി പ്രകാരം ബഫര്‍ സോണ്‍ നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ ആവശ്യമെങ്കില്‍ കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനെയും സമീപിച്ച് അവരുടെ ശുപാര്‍ശ പ്രകാരം സുപ്രീം കോടതിയെ സമീപിക്കേണ്ടതുണ്ട്. ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി അംഗീകാരം വാങ്ങാനുള്ള നടപടിക്രമങ്ങള്‍ വിധി വന്ന ഉടനെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതാണ്.

2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതിയുടെ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല എന്ന് ചൂണ്ടികാണിച്ച് സംസ്ഥാനം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

ഇങ്ങനെ റിവ്യൂ ഹര്‍ജി നല്‍കാന്‍ കാരണം നമ്മുടെ സംസ്ഥാനത്തിന്‍റെ സവിശേഷത തന്നെയാണ്. വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള സംസ്ഥാനത്തിന്‍റെ 30 ശതമാനത്തോളം വനവും ആകെ ഭൂപ്രദേശത്തിന്‍റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും 590 കിലോമീറ്റര്‍ കടല്‍ തീരവും നിരവധിയായ തടാകങ്ങളും കായലുകളും നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും അടങ്ങിയിട്ടുള്ളതാണ്. സംസ്ഥാനത്തെ ജനസാന്ദ്രത സ്ക്വയര്‍ കിലോമീറ്ററില്‍ 900ന് മുകളിലാണ്. ഇപ്പോഴത്തെ ജനസംഖ്യ 3.5 കോടിയാണ്. ജനവാസത്തിന് അനുയോജ്യമായ ഭൂപ്രദേശങ്ങള്‍ വളരെ കുറവാണ്. ഈ കാരണങ്ങളാല്‍ ജനവാസമേഖലകള്‍ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലായിരുന്നു. അതില്‍ അന്തിമ തീരുമാനം വരാനിരിക്കെയാണ് ബഹു: സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി വന്നത് എന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്.

നിലവിലുള്ള നിര്‍മ്മാണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളോ അല്ലെങ്കില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

3.6.2022 ലെ സുപ്രീം കോടതി ഉത്തരവിന്‍റെ ഖണ്ഡിക 44 ഇ പ്രകാരം ഡ്രോണ്‍ അല്ലെങ്കില്‍ ഉപഗ്രഹ സര്‍വ്വേ എന്നീ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സര്‍വ്വേ നടത്താം എന്നാണ് പറയുന്നത്. സുപ്രീം കോടതി വിധി വാചകം ഇങ്ങനെയാണ്:

” For this purpose , such authority shall be entitled to take assistance of any government agency for satellite imaging or photography using drones.”

ഉപഗ്രഹ ചിത്രങ്ങള്‍ പൂര്‍ണ്ണമാകാന്‍ സാധ്യതയില്ല എന്നും കെട്ടിടങ്ങള്‍, ചില ഭൂപ്രദേങ്ങള്‍ എന്നിവ നിഴല്‍ മൂലമോ മരങ്ങളുടെ തടസ്സങ്ങള്‍ വഴിയോ വ്യക്തമാകാന്‍ സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടാകും എന്നും വന്നു. അത് മനസ്സിലാക്കിയാണ് ഫീല്‍ഡ് പരിശോധന കൂടി നടത്തി നിലവിലുള്ള എല്ലാ കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും രേഖപ്പെടുത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ന് ഒരു പ്രമുഖ പത്രത്തിൽ വന്ന ലേഖനത്തില്‍ പറയുന്നത് ‘കോടതി വിധി പഠിക്കാനും തുടര്നടപടിയെടുക്കാനും വനംമന്ത്രി മന്‍കയ്യെടുത്തില്ല’ എന്നാണ്. ഇത്തരം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന എന്നത് കൊണ്ട് ജൂണ്‍ മൂന്നിന്‍റെ കോടതി വിധി വന്നശേഷം സര്‍ക്കാര്‍ നടത്തിയ ചില ഇടപെടലുകള്‍ മാത്രം സൂചിപ്പിക്കാം.

വിധി വന്ന് അഞ്ചു ദിവസത്തിനകം ജൂണ്‍ എട്ടിന് പ്രസ്തുത ഉത്തരവ് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി വനം -വന്യജീവി വകുപ്പുമന്ത്രി യോഗം വിളിച്ചു ചേര്‍ത്തു.
സുപ്രീം കോടതി നിര്‍ദ്ദേശിച്ച 1 കി.മീ.പരിധിയില്‍ വരാവുന്ന കെട്ടിടങ്ങള്‍ നിര്‍മ്മാണങ്ങള്‍ എന്നിവയുടെ കണക്ക് എടുക്കുന്നതിന് സഹായിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എണ്‍വിയോണ്‍മെന്‍റ് സെന്‍റര്‍ ഡയറക്ടര്‍ക്ക് ജൂണ്‍ പതിമൂന്നിന് കത്തയച്ചു.

പ്രസ്തുത ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കണം, ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം, ജനവാസ മേഖലകള്‍ ഒഴിവാക്കണം, കേരളത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കണം, പൊതുതാല്‍പര്യാര്‍ത്ഥം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയ്ക്ക് സംസ്ഥാന വനംവന്യജീവി വകുപ്പുമന്ത്രി ജൂണ്‍ പതിനാലിന് കത്തയച്ചു.

കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധം ജനവാസ മേഖല ഒഴിവാക്കികിട്ടുന്നതിന് ആവശ്യമായ റിവ്യൂ-മോഡിഫിക്കേഷന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് ജനറലിന് സര്‍ക്കാര്‍ ജൂണ്‍ ഇരുപത്തിനാലിന് കത്ത് നല്‍കി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരളത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ജനവാസ മേഖലകള്‍ ഒഴിവാക്കി സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ജൂണ്‍ ഇരുപത്തിയഞ്ചിന് കത്തയച്ചു.
ജൂലായ് ഏഴിന് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി.
പതിനാലിന്ന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അന്നുതന്നെ സുപ്രീംകോടതി വിധിയിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു.

സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ ശേഖരിച്ച വിവരങ്ങള്‍ സംബന്ധിച്ച ആഗസ്ത് എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്യുകയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച് ഭൗതിക സ്ഥല പരിശോധന നടത്തി വിവരങ്ങള്‍ ഉറപ്പാക്കാന്‍ തീരു
മാനിക്കുകയും ചെയ്തു.

വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന് വ്യക്തമാക്കാനാണ് ഇത്രയും കാര്യങ്ങള്‍ ഇവിടെ പറഞ്ഞത്. ഒരു കാലതാമസവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.

സംസ്ഥാനത്തിന്‍റെ പുനഃപരിശോധന ഹര്‍ജിക്കൊപ്പം സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനസാന്ദ്രതയും കെട്ടിടങ്ങള്‍, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങളും ക്രോഡീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കുന്നതിനാണ് കേരള സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍ററിനെ (കെ.എസ്.ആര്‍.എസ്.ഇ.സി) ചുമതലപ്പെടുത്തിയിരിക്കുന്നത്.

സുപ്രീം കോടതി വിധിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ സ്ഥലത്ത പരിശോധന നടത്തി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല ഈ വിദഗ്ദ്ധ സമിതിക്കാണ്. ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരമുള്ള ഭൂപടത്തില്‍ വരാവുന്ന അപാകതകള്‍ പരിഹരിക്കുന്നതിനായാണ് ഫീല്‍ഡ് വെരിഫിക്കേഷന്‍ തീരുമാനിച്ചത്.

ഇപ്രകാരം തയ്യാറാക്കുന്ന രേഖ പ്രസ്തുത പുനഃപരിശോധന ഹര്‍ജിയില്‍ തെളിവായി ഹാജാരാക്കുകയാണ് ചെയ്യുക. എത്ര കെട്ടിടങ്ങള്‍, അവ ഏതൊക്കെ, എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൃത്യതയോടെ ശേഖരിക്കുന്നത് അത്തരം കെട്ടിടങ്ങള്‍ അവിടെ ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനും ആ കെട്ടിടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണ്.

ഇതിലൂടെ മാത്രമെ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു കി.മീ ബഫര്‍സോണ്‍ പ്രദേശം ജനവാസ മേഖലയാണെന്ന് തെളിയിക്കാന്‍ സാധിക്കുകയുള്ളു.

ബഫര്‍സോണ്‍ മേഖലയില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചരണം സാധാരണ ജനങ്ങളില്‍ ഭീതി പരത്തുന്നതിനു വേണ്ടി മാത്രമാണ്. മേഖലയില്‍ വാഹന നിയന്ത്രണം, കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ നിരോധനം മുതലായവ വരും എന്ന തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് മലയോര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

ബഫര്‍ സോണ്‍ സംബന്ധിച്ച് കേരള റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ ഉപഗ്രഹ സര്‍വ്വേ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങളും മാപ്പുകളും അടക്കമുള്ള പൂര്‍ണ്ണ രൂപം സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത് ഇതു സംബന്ധിച്ച വിദഗ്ധ സമിതി തീരുമാനം അടിസ്ഥാനമാക്കിയാണ്. ഉപഗ്രഹസര്‍വ്വെ റിപ്പോര്‍ട്ട് ഒരു സൂചകം മാത്രമാണ്, അന്തിമ രൂപമല്ല. ഇത് അന്തിമ തീരുമാനമാണെന്ന രീതിയില്‍ ഇത് സംബന്ധിച്ച പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതും തെറ്റായ പ്രചരണമാണ്.

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സര്‍വ്വേ ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച എല്ലാ മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ തേടും. ഇത് സംബന്ധിച്ച് ബഫര്‍ സോണില്‍ പെടുന്ന പഞ്ചായത്തുകള്‍ തോറും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കുവാനുള്ള സംവിധാനവും ഒരുക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തദ്ദേശ ഭരണസംവിധാനങ്ങള്‍ ഹെല്‍പ് ഡെസ്ക്കുകള്‍ തുറക്കും.

പൊതുവേ ജനവാസമുള്ള മേഖലകളിലെ നിലവില്‍ ഒഴിഞ്ഞുകിടക്കുന്നയിടങ്ങളില്‍ ഭാവിയില്‍ വീടുകളോ മറ്റ് നിര്‍മിതികളോ വരാനുള്ള സാധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ഭൂമിയുള്ളവരും ആശങ്കപ്പെടേണ്ടതില്ല. ജനവാസ കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവില്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ സര്‍വേയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സമിതിക്ക് മുന്‍പാകെ വിവരം സമര്‍പ്പിക്കാവുന്നതാണ്.

ഇപ്പോള്‍ തയ്യാറാക്കുന്ന ഉപഗ്രഹ സര്‍വ്വേയും വിവരശേഖരണവും മറ്റ് റവന്യു/വനം ആവശ്യങ്ങള്‍ക്കുപയോഗിച്ചേക്കാമെന്ന ആശങ്കയും പ്രദേശവാസികള്‍ക്ക് വേണ്ടതില്ല. ഈ സര്‍വ്വേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേരളത്തിന്‍റെ വാദവും ജനസാന്ദ്രതയും തെളിയിക്കുന്നതിനുള്ളതാണ്.
ഈ വിഷയം നിയമസഭ ചര്‍ച്ച ചെയ്തിരുന്നതാണ്. ഈ വര്‍ഷം ജൂലായ് ഏഴിന് ഇതുസംബന്ധിച്ച പ്രമേയം നിയമസഭാ ഏകകണ്ഠമായി പാസാക്കി. ആ പ്രമേയം ഇങ്ങനെ പറയുന്നു: …….

“കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ബഹു: സുപ്രീം കോടതിയുടെ 03.06.2022 ലെ വിധി സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ ആയത് പൊതുതാല്‍പര്യത്തെ ബാധിക്കുന്നതും ജനജീവിതം ദുരിതത്തിലാക്കുന്നതുമാണ്. അപ്രകാരം ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാര്‍ 09.02.2011ല്‍ വിജ്ഞാപനം ചെയ്ത മാനദണ്ഡങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് വിവിധ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതാണ്.

മേല്‍ പ്രസ്താവിച്ച പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ബഹു. സുപ്രീം കോടതി വിധി പ്രകാരം ഒരു കി.മീ. ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണമെന്നതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി, ബഹു: സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ പ്രകാരം അതീവ പൊതുതാല്‍പര്യം പരിഗണിച്ച് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിനും ഇപ്രകാരം സംസ്ഥാനം ഇതിനകം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിന് ആവശ്യമെന്നു കണ്ടാല്‍ ഉചിതമായ നിയമ നടപടികളും നിയമ നിര്‍മ്മാണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഈ സഭ ഐകകണ്ഠേന അഭ്യര്‍ത്ഥിക്കുന്നു.”

ഇന്നലെ ഈ വിഷയത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വനം, റവന്യൂ,ധന , തദ്ദേശ സ്വയംഭരണ, ജലവിഭവ മന്ത്രിമാരും അഡ്വ.ജനറലും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ആ യോഗത്തിന്‍റെ തീരുമാനപ്രകാരം ഇന്ന് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓണ്‍ലൈന്‍ യോഗവും ചേര്‍ന്നു.
ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറുന്നത് എന്ന് ഈ യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു. ജനവാസകേന്ദ്രങ്ങളും നിര്‍മ്മിതികളും കൃഷിയിടങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കികൊണ്ടുള്ളതായിരിക്കും ബഫര്‍സോണ്‍എന്നും തീരുമാനിച്ചു.

  1. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള മാപ്പാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറിയത്. ബഫര്‍ സോണിന്‍റെ കാര്യത്തില്‍ ഈ മാപ് മാത്രമായിരിക്കും അടിസ്ഥാന രേഖ. ഈ മാപ് ഇന്നു തന്നെ സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. വനം വന്യജീവി വകുപ്പ് തയാറാക്കിയിട്ടുള്ള ഈ മാപ് പൊതുജനങ്ങള്‍ക്ക് കാണാനായി എല്ലാ വാര്‍ഡിലും വായനശാല, അങ്കണവാടി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
  2. ഈ കരട് ഭൂപടത്തില്‍ ഏതൊക്കെ സര്‍വേ
    നമ്പരുകള്‍ വരുമെന്ന വിവരവും ഒരാഴ്ചക്കുള്ളില്‍ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
  3. ഈ മാപ്പിലും ഏതെങ്കിലും ജനവാസ കേന്ദ്രം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനുള്ള സമയം നല്‍കും. അത്തരം അധിക വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡസ്ക്ക് രൂപീകരിച്ചു. അധിക വിവരങ്ങള്‍ നിശ്ചിത പെര്‍ഫോമയിലാണ് നല്‍കേണ്ടത്. ഈ പെര്‍ഫോമ ഹെല്‍പ് ഡസ്കുകളില്‍ നിന്നും കേരള സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. നിശ്ചിത പെര്‍ഫോമയില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് eszexpertcommittee@gmail എന്ന ഇമെയില്‍ വിലാസത്തിലും ഹെല്‍പ് ഡസ്കുകളില്‍ നേരിട്ടും നല്‍കാവുന്നതാണ്. ഇങ്ങനെ നല്‍കുന്ന അധിക വിവരങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കും.
  4. ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പറും ഫോറസ്റ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡാറ്റ അപ്ലോഡ് ചയ്യാന്‍ പരിശീലനം കിട്ടിയ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍/ കുടുംബശ്രീ ഓക്സിലറി അംഗങ്ങള്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സമിതികള്‍ ഇതിന്‍റെ ഭാഗമായി രൂപീകരിക്കും. ഈ സമിതിയാണ് ഹെല്‍പ് ഡസ്കുകളുടെ മേല്‍നോട്ടവും വഹിക്കേണ്ടത്. ഇവര്‍ക്ക് ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് കെ എസ് ആര്‍ ഇ സി പരിശീലനം നല്‍കും. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഒരോ നിര്‍മ്മിതിയുടെയും ജനവാസകേന്ദ്രത്തിന്‍റെയും കൃഷിയിടത്തിന്‍റെയും ജിയോ ടാഗിങ്ങ് നടത്തണം. വിവര വിനിമയത്തിന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താം. ക്ലബ്ബുകള്‍, വായനശാലകള്‍, ഒഴിഞ്ഞ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫീസുകള്‍ ആയി ഹെല്‍പ് ഡസ്കുകള്‍ ക്രമീകരിക്കാം. വാഹനം ഉപയോഗിച്ച് മൊബൈല്‍ ഹെല്‍പ് ഡസ്ക് സജ്ജമാക്കാമോ എന്നും പരിശോധിക്കാവുന്നതാണ്. അങ്ങിനെയെങ്കില്‍ മൈക് അനൗണ്‍സ്മെന്‍റ് കൂടി ഇതേ വാഹനത്തില്‍ സജ്ജീകരിക്കാം.
  5. ഇതേ സമിതി തന്നെ ഫീല്‍ഡ് വെരിഫികേഷനും നടത്തും.
  6. എല്ലാ തരം നിര്‍മിതികളും ഉള്‍പ്പെടുത്തുന്നതിനുള്ള വ്യക്തമായ നിര്‍ദേശം നല്‍കി. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പ് കേന്ദ്രമോ പുല്‍മേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള നിര്‍മിതികളും ഉള്‍ക്കൊള്ളിക്കണം.
  7. സംഘടനകളും മറ്റു കൂട്ടായ്മകളും നല്‍കുന്ന വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും പരിശോധനക്കായി വാര്‍ഡ് തല ഹെല്‍പ് ഡസ്കിന് കൈമാറുകയും ചെയ്യും.
  8. ലഭ്യമായ അധിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി വനം വകുപ്പ് വീണ്ടും മാപ് പുതുക്കും. പുതുക്കിയ മാപ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രൂപീകരിക്കുന്ന സര്‍വകക്ഷി സമിതി പരിശോധിക്കും.
  9. ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍ വനം വകുപ്പ് അന്തിമ കരട് റിപ്പോര്‍ട്ട് തയാറാക്കും.
  10. ജില്ലാ തലത്തില്‍ ജില്ലാ കലക്ടറും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും വനം, തദ്ദേശ സ്വയംഭരണം, റവന്യൂ വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി ഒരു മേല്‍നോട്ട സമിതി രൂപീകരിക്കും.

സര്‍ക്കാരിന് ബഫര്‍ സോണ്‍ വിഷയത്തില്‍ ഒരുഅവ്യക്തതയും ഇല്ല.
യഥാര്‍ത്ഥ വസ്തുതകളും വിവരങ്ങളും മറ ച്ചുവെച്ച് ജനങ്ങളെ പുകമറയില്‍ നിര്‍ത്താനും സര്‍ ക്കാരിനെതിരെ വൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷത്തെ ചിലര്‍ ശ്രമിക്കു ന്നത്. സര്‍വ്വേ നടത്തുന്നത് നിലവിലുള്ള നിര്‍മ്മാ ണങ്ങള്‍ സംരക്ഷിക്കാനാണ് എന്ന വസ്തുത പോലും സൗകര്യപൂര്‍വ്വം മറച്ചു വെക്കാനുള്ള നീക്കം ഉണ്ടാകുന്നു എന്നതും ആശ്ചര്യകരമാണ്. അത്തരത്തിലുള്ള കുപ്രചാരണങ്ങളെ തുറന്നു കാട്ടും. പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത കാട്ടുമ്പോള്‍ത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്നുറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

കോവിഡ്

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് വൈകുന്നേരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേരുന്നുണ്ട്.

കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്.

ക്രിസ്മസ് – പുതുവത്സര ആശംസ

നിസ്വാര്‍ത്ഥമായ സ്നേഹത്തിന്‍റേയും അതിരുകളില്ലാത്ത സാഹോദര്യത്തിന്‍റേയും സന്ദേശവുമായി ക്രിസ്തുമസും പുതുവല്‍സരവും എത്തുകയാണ്. ആ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയും ഏവരേയും ചേര്‍ത്തു നിര്‍ത്തിയും ഈ ആഘോഷങ്ങളെ നമുക്കു വരവേല്‍ക്കാം. കൂടുതല്‍ പ്രകാശപൂര്‍ണ്ണമായ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവയ്ക്കാം. നാടിന്‍റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കൂടുതല്‍ കരുത്തോടെ പ്രതിരോധിക്കാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!