വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായ സംഭവം അടിസ്ഥാനരഹിതമെന്ന് പൊലീസ് അറിയിച്ചു
ശാസ്താംകോട്ട: മൈനാഗപ്പള്ളി ആറ്റുപുറം ഭാഗത്തുനിന്ന് സ്കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായ സംഭവം അടിസ്ഥാനരഹിതമെന്ന് പൊലീസ് അറിയിച്ചു.’ തിങ്കളാഴ്ച രാവിലെ ഒമ്ബതരയോടെയാണ് വാര്‍ത്ത പ്രചരിച്ചത്. ചിത്തിര വിലാസം സ്കൂളിലെ രണ്ടു വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്നായിരുന്നു പ്രചാരണം. സ്കൂള്‍ ബസ് തകരാറിലായതിനാല്‍ കാറിലെത്തിയവര്‍ വിദ്യാര്‍ഥികളോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, കയറിയില്ല. കാറില്‍ ഒരു സ്ത്രീയും പുരുഷനും ഒരു കുട്ടിയുമാണുണ്ടായിരുന്നത്. സമീപത്തെ വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങളില്‍നിന്ന് കാറിന്‍റെ നമ്ബര്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്.
കുട്ടികളുടെ അയല്‍വാസിയാണ് കാറിലുണ്ടായിരുന്നത്. മറ്റൊരു സ്ഥലത്ത് താമസിക്കുന്ന ഇവരും ഭര്‍ത്താവും കുട്ടിയും കുടുംബവീട്ടിലെത്തിയ ശേഷം മടങ്ങുന്നതിനിടെ, വഴിയരികില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളെ കാണുകയും പരിചയമുള്ളതിനാല്‍ സ്കൂളിലേക്കെത്തിക്കാമെന്ന് പറയുകയുമായിരുന്നു.
കാര്‍ ഓടിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവ് ദീര്‍ഘനാളായി ഇതരസംസ്ഥാനത്ത് ജോലി ചെയ്യുന്നതിനാല്‍ ഹിന്ദി കലര്‍ന്ന മലയാളത്തിലാണ് സംസാരിച്ചത്. ഇതാണ് വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ നമ്ബര്‍ അടക്കം സാമൂഹികമാധ്യമത്തില്‍ പ്രചരിച്ചതോടെ ഇവര്‍ ചൊവ്വാഴ്ച രാവിലെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവം വിശദീകരിക്കുകയായിരുന്നു. ഇതിനാല്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.