കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് നൽകിയാൽ ഫാര്‍മസി ലൈസന്‍സ് റദ്ദാക്കും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാർഷിക അവലോകന യോഗത്തിലാണ് നിർദ്ദേശം.
കേരളത്തിലെ ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ തോത് അറിയാനും അതിനനുസൃതമായി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും ഇന്ത്യയിലാദ്യമായി ആന്‍റി ബയോഗ്രാം (എഎംആർ സർവൈലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. അതനുസരിച്ച്, ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ അളവ് പല രോഗകാരികളിലും വർദ്ധിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കൂടാതെ, മൃഗങ്ങളിലും പരിസ്ഥിതി, മത്സ്യബന്ധനം, അക്വാകൾച്ചർ തുടങ്ങിയ മേഖലകളിലും നടത്തിയ പഠനങ്ങളും വർദ്ധിച്ച ആന്‍റിബയോട്ടിക് പ്രതിരോധം കാണിക്കുന്നു. എല്ലാ മേഖലകളിലും അശാസ്ത്രീയമായ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിന് കാരണമായതെന്നും യോഗം വിലയിരുത്തി.
ആന്‍റിബയോട്ടിക്കുകൾ മനുഷ്യരിൽ മാത്രമല്ല, മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പരിസ്ഥിതിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പോലും, ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിവുള്ള ബാക്ടീരിയ, ജീനുകൾ, ആന്‍റിബയോട്ടിക് ഉള്ളടക്കം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആന്‍റിബയോട്ടിക് പ്രതിരോധം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്ന് നേരിട്ട് ആന്‍റിബയോട്ടിക്കുകൾ വാങ്ങുന്നതാണ്. ഇത് കർശനമായി നിരോധിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.