ജീവിച്ചിരിക്കുന്ന അച്ഛന്‍ മരിച്ചെന്ന് പറഞ്ഞ് പോസ്റ്റിട്ട യുവാവിനെ കാണാനില്ലെന്ന് പരാതി

ഇടുക്കി: ജീവിച്ചിരിക്കുന്ന അച്ഛന്‍ മരിച്ചെന്ന് പറഞ്ഞ് പോസ്റ്റിട്ട യുവാവിനെ കാണാനില്ലെന്ന് പരാതി.ഇടുക്കി പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്ബില്‍ നിന്ന് ഇയാളെ കാണാതായതായാണ് പരാതി. ഇന്നലെ (ഡിസംബര്‍ 19) വൈകിട്ട് അഞ്ചരയോടെ യുവാവിന്റെ ബാഗും ചെരുപ്പും ആത്മഹത്യാ മുനമ്ബില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇരുട്ടും പ്രതികൂല കാലാവസ്ഥയും മൂലം തിരച്ചില്‍ തുടരാന്‍ സാധിച്ചില്ല. സ്ഥലത്ത് നിന്നും കണ്ടെത്തിയ ബാഗ് പരിശോധിച്ചപ്പോഴാണ് പാമ്ബനാര്‍ റാണികോവില്‍ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. അത്സമയം ഇയാള്‍ കൊക്കയിലേക്ക് ചാടിയതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഇല്ലെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് ജീവിച്ചിരിക്കുന്ന പിതാവ് മരിച്ചെന്ന് കാട്ടി മൂപ്പത്തിനാലുകാരനായ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആര്‍ഐപി, ഐ മിസ് യു’ എന്നിങ്ങനെ ചേര്‍ത്തായിരുന്നു യുവാവിന്റെ പോസ്റ്റ്. ഇടുക്കി പീരുമേട്ടിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമാണ് യുവാവിന്റെ പിതാവ്. ഇളയമകന്റെ വാട്സാപ്പ് സന്ദേശത്തില്‍ നിന്നാണ് പിതാവ് സ്വന്തം മരണ വാര്‍ത്ത അറിയുന്നത്. ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു അടക്കം അനുശോചനം രേഖപ്പെടുത്തിയിരുന്നു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് മകന്‍ ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ സൂചന. ഈ പ്രശ്നങ്ങള്‍ അവസാനിക്കുന്നതിനിടെയാണ് യുവാവിനെ കാണാതാകുന്നത്.