സിനിമോളുടെ നേട്ടത്തിന് പത്തരമാറ്റ്

തൊടുപുഴ: പഠിച്ചുകൊണ്ടിരിക്കെ പല മത്സരത്തിലും പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പോരായ്മകള്‍ ചൂണ്ടിക്കാട്ടി പലരും പിന്തിരിപ്പിച്ചു.എന്നാല്‍, പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ ഉയരങ്ങള്‍ താണ്ടുകയാണ് സിനിമോള്‍. അസമിലെ ഗുവാഹത്തിയില്‍ ഡോ. സക്കീര്‍ ഹുസൈന്‍ അക്വാട്ടിക് സെന്‍ററില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയാണ് വണ്ണപ്പുറം സ്വദേശിനിയായ ഈ മിടുക്കി അഭിമാനമായത്.വണ്ണപ്പുറം ഒടിയപാറ കോട്ടപ്പുറത്ത് സെബാസ്റ്റ്യന്‍- മേരി ദമ്ബതികളുടെ മകളാണ് 38കാരിയായ സിനിമോള്‍. ഭിന്നശേഷിക്കാരായ പത്ത് കായികതാരങ്ങളാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് വിവിധ നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. മത്സരിച്ച ഏക ഇടുക്കിക്കാരിയും സിനിമോളായിരുന്നു. വീട്ടില്‍ മാതാവും മൂന്ന് സഹോദരങ്ങളുമുണ്ട്. പിതാവ് ഒരുവര്‍ഷം മുമ്ബ് മരിച്ചു. കാളിയാര്‍ സെന്‍റ് മേരീസ് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. ജന്മന ലഭിച്ച പൊക്കക്കുറവായിരുന്നു നേരിട്ട വെല്ലുവിളി.സ്കൂളിലൊക്കെ പപ്പയാണ് കൊണ്ടുപോയതെന്ന് സിനിമോള്‍ പറയുന്നു. ബസിലൊക്കെ കയറുമ്ബോള്‍ പൊക്കക്കുറവായതിനാല്‍ ഒരാളുടെ സഹായം വേണമായിരുന്നു. തൃശൂരിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയിലെത്തിയ ശേഷമാണ് ഞങ്ങള്‍ക്കും ഒരു ലോകം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. അവിടെ നീന്തല്‍ പരിശീലനം നടക്കുന്നുവെന്ന് പറഞ്ഞ് പോയതാണ്.അങ്ങനെ നീന്തലിനാടുള്ള ഇഷ്ടം കയറി. വണ്ടമറ്റം അക്വാട്ടിക് സെന്‍ററിലും തൃശൂരിലുമൊക്കെയായി പരിശീലനത്തിനായി പോയി. രാജസ്ഥാനില്‍ ആദ്യം മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. പക്ഷേ, പിന്മാറിയില്ല. ആ വാശിയാണ് ഇപ്പോള്‍ വെള്ളി സ്വന്തമാക്കാന്‍ കഴിഞ്ഞത്. അടുത്ത തവണ സ്വര്‍ണവുമായി മടങ്ങുമെന്നാണ് സിനിമോള്‍ പറയുന്നത്.വിവിധ സംഘടനകളുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താലാണ് മത്സരങ്ങളിലും മറ്റും പങ്കെടുക്കാന്‍ പോകുന്നത്.സ്പോര്‍ട്സ് അസോസിയേഷന്‍ ഫോര്‍ ഡിഫറന്‍റ്ലി ഏബിള്‍ഡ് ഓഫ് കരള മാനേജര്‍ ഫാ. സോളമന്‍ കടമ്ബാട്ടുപറമ്ബില്‍, അസി. മാനേജര്‍ അഡ്വ. വിനോദ് കുമാര്‍, വനിത വിഭാഗം മാനേജര്‍ സന്ധ്യ, ലീന തോംസണ്‍ പരിശീലകരായ ലൂക്വിന്‍ കെ. തോംസണ്‍, അജില്‍ ജോസഫ്, വണ്ടമറ്റം അക്വാട്ടിക് സെന്‍ററിലെ ബേബി സാര്‍ എന്നിവരുടെ ഇടപെടലുകളൊക്കെ തന്‍റെ വിജയത്തിന് ചിറകു നല്‍കിയിട്ടുണ്ട്.ഭിന്നശേഷിക്കാരായ കുട്ടികളെ വീട്ടില്‍ത്തന്നെ തളച്ചിടരുതെന്നാണ് മാതാപിതാക്കളോട് പറയാനുള്ളത്. അവരുടെ ഇഷ്ടങ്ങള്‍ക്കൊപ്പം ഒന്നു ചേര്‍ത്തുപിടിച്ച് നടന്നാല്‍ ഒരുനാള്‍ അവരാരാണെന്ന് കാണിച്ചുതരുമെന്നും സിനിമോള്‍ പറയുന്നു.