വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് ആറ്റോരം ഭാഗത്ത് പാമ്പിനെ പിടികൂടുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് കടിയേറ്റു

കുമളി: വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് ആറ്റോരം ഭാഗത്ത് പാമ്പിനെ പിടികൂടുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് കടിയേറ്റു.വള്ളക്കടവ് ഉണ്ണീഭവനത്തില്‍ ആരോമലിനാണ് (30) കടിയേറ്റത്. ഇഞ്ചിക്കാട് രണ്ട് വീടുകള്‍ക്കിടയില്‍ കാട് നിറഞ്ഞ ഭാഗത്ത് പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരമറിയിച്ചു.തുടര്‍ന്ന് ഇവര്‍ വനം വകുപ്പിനെ വിവരമറിയിച്ചു. ശബരിമല സീസണോടനുബനധിച്ച് പട്രോളിങ് നടത്തുകയായിരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷനിലെ ദ്രുതകര്‍മ സേന അംഗം ആരോമലും സംഘവും റേഞ്ച് ഓഫിസര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തുകയായിരുന്നു.അണലി വര്‍ഗത്തില്‍പെട്ട പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. ആരോമലിനെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആന്‍റിവെനം ഇല്ലത്തതിനാല്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.പ്രാഥമിക ശുശ്രൂഷ നല്‍കി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.