ഇടുക്കിയിൽ പുതിയ സസ്യത്തെ കണ്ടെത്തി; പേരിലും ‘ഇടുക്കി’ക്കാരി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകർ ഇടുക്കി ജില്ലയിൽ പുതിയ സസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുന്‍മേധാവിയും ഇന്ത്യൻ അസോസിയേഷൻ ഫോർ ആന്‍ജിയോസ്പേം ടാക്സോണമി സെക്രട്ടറിയുമായ പ്രൊഫ. സന്തോഷ് നമ്പി. ഗവേഷകനായ തൃശൂര്‍ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹന്‍ എന്നിവരാണ് പുതിയ ചെടി കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നാണ് ഈ ചെടിയുടെ പേര്.
പോളിഗാലെസിയെ കുടുംബത്തിലെ പോളിഗാല ജനുസ്സില്‍പ്പെടുന്നതാണ് അമൃതാഞ്ജന്‍ ചെടി എന്നറിയപ്പെടുന്ന ഈ സസ്യം. വേരുകൾക്ക് അമൃതാഞ്ജൻ ബാമിന്റെ മണമുള്ളതിനാലാണ് ഈ പേര്. ഇടുക്കി ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് കുന്നുകളിലാണ് ചെടി കണ്ടെത്തിയത്.
ഇതിന്റെ ഇലകൾ ഹെന്ന ചെടിയുടെ ഇലകളോട് സാമ്യമുള്ളവയാണ്. വെളുത്ത മുകുളങ്ങൾ വിരിയുമ്പോൾ ലാവെൻഡർ നിറമുള്ളതായിത്തീരുകയും ഏതാനും മണിക്കൂറുകൾക്ക് ശേഷം അവ വീണ്ടും വെളുത്ത നിറത്തിലേക്ക് മാറുന്നതുമാണ് ഇതിന്റെ പ്രത്യേകത. സ്പെയിനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അനല്‍സ്ഡെല്‍ ജാര്ഡിന് ബൊട്ടാണിക്കോ ഡിമാഡ്രിഡ് എന്ന ജേണലിന്റെ പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.