പ്രധാന വാര്‍ത്തകള്‍
ബഫര്‍സോണ്‍ ഉപഗ്രഹ മാപ്പ് അപമാനമെന്ന് മാര്‍ ജോസഫ് പാംപ്ലാനി

സംരക്ഷിത വനമേഖലകള്‍ക്കു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂപ്രദേശങ്ങളിലെ നിര്‍മിതികളും കൃഷിഭൂമിയും അടയാളപ്പെടുത്താന്‍ വനംവകുപ്പ് പുറത്തുവിട്ട ഉപഗ്രഹ സഹായത്തോടെയുള്ള ഭൂപടം കര്‍ഷകരെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
ഭൂമി ശാസ്ത്രപരമായ അതിരുകളോ റോഡുകളോ പോലും അടയാളപ്പെടുത്താത്ത ഭൂപടത്തില്‍ നോക്കി കര്‍ഷകര്‍ നിസഹായരായി നില്‍ക്കുന്ന സാഹചര്യമാണ്.
പതിറ്റാണ്ടുകളിലായി വനംവകുപ്പ് അനുവര്‍ത്തിക്കുന്ന കര്‍ഷകദ്രോഹ നടപടികളുടെ തുടര്‍ച്ചയാണ് പുതിയ ഭൂപടത്തിന്റെ പ്രസിദ്ധീകരണം. ഇത്തരത്തില്‍ ഉത്തരവാദിത്വപ്പെട്ട ജോലികള്‍ ജനോപകാരപ്രദമായി ചെയ്യാന്‍ സംസ്ഥാന വനംവകുപ്പിനു കഴിവോ ആത്മാര്‍ത്ഥതയോ ഇല്ലെന്ന് കര്‍ഷകര്‍ ഉന്നയിച്ച ആശങ്ക ശരിവയ്ക്കുന്ന നടപടിയാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്നതെന്നു പാംപ്ലാനി കുറ്റപ്പെടുത്തി.