അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി കേസില്‍ ശിക്ഷിക്കാന്‍ നേരിട്ടുള്ള തെളിവ് വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി കേസില്‍ ശിക്ഷിക്കാന്‍ നേരിട്ടുള്ള തെളിവ് വേണ്ടെന്ന് സുപ്രീംകോടതി.അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി. പരാതിക്കാരന്‍ മരണപ്പെടുകയോ വിചാരണവേളയില്‍ കൂറുമാറുകയോ ചെയ്താലും കൈക്കൂലി കേസിലെ പ്രതികള്‍ കുറ്റമുക്തരാക്കപ്പെടില്ലെന്നും ഇത്തരം കേസുകളില്‍ ശിക്ഷിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയെന്നും ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.മരണമോ മറ്റോ കാരണമായി പരാതിക്കാരന്റെ നേരിട്ടുള്ള തെളിവ് ലഭ്യമല്ലെങ്കില്‍ 1988ലെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന സാഹചര്യ തെളിവുകള്‍ മതിയെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി. നാഗരത്ന എന്നിവര്‍കൂടി അടങ്ങുന്ന ബെഞ്ച് വിധിയില്‍ വിശദീകരിച്ചു.അഴിമതി വന്‍തോതില്‍ ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്നതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കേസെടുത്ത് ശിക്ഷിക്കണം. പൊതു പ്രവര്‍ത്തകരോ ഉദ്യോഗസ്ഥരോ ആവശ്യപ്പെടാതെതന്നെ ആരെങ്കിലും നല്‍കുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്നും ബെഞ്ച് വ്യക്തമാക്കി.കൈക്കൂലി ആവശ്യപ്പെട്ടതിന് പരാതിക്കാരന്റെ ഭാഗത്തുനിന്ന് പ്രാഥമിക തെളിവൊന്നും ലഭിക്കാതിരുന്നാലും അഴിമതി നിരോധന നിയമത്തിലെ 7, 13(1), 13(2) വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യത്തിന് ശിക്ഷിക്കാം. കൈക്കൂലി ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് അത് സ്വീകരിച്ചുവെന്നും ആദ്യം തെളിയിക്കണം. അതിന് നേരിട്ടുള്ള തെളിവ് ആകാം. അല്ലെങ്കില്‍ വാക്കാലോ രേഖമൂലമോ ഉള്ളതാകാം. ഇവ രണ്ടിന്റെയും അഭാവത്തില്‍ സാഹചര്യത്തെളിവുകളായാലും മതി.പരാതിക്കാരന്‍ മരിക്കുകയോ വിചാരണവേളയില്‍ കൂറുമാറുകയോ ചെയ്താല്‍ തെളിവ് നല്‍കാന്‍ സാധിക്കാതെ വരും. അത്തരം ഘട്ടങ്ങളില്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവായി മറ്റേതെങ്കിലും സാക്ഷിയുടെ മൊഴിയോ രേഖയോ മതി. അതുമല്ലെങ്കില്‍ സാഹചര്യത്തെളിവുകളായാലും മതി.ഏതായാലും അഴിമതിക്കാരായ പൊതുപ്രവര്‍ത്തകരെ വെറുതെവിടുന്നതിന് ഇതൊന്നും കാരണമായിക്കൂടെന്നും സുപ്രീംകോടതി രാജ്യത്തെ കോടതികളെ ഓര്‍മിപ്പിച്ചു. കൈക്കൂലി വാഗ്ദാനവും കൈക്കൂലി ആവശ്യവും പ്രോസിക്യൂഷന്‍ തെളിയിക്കണം. പൊതുപ്രവര്‍ത്തകരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആവശ്യപ്പെടാതെതന്നെ ആരെങ്കിലും നല്‍കുന്ന കൈക്കൂലി സ്വീകരിച്ചാല്‍ അഴിമതി നിരോധന നിയമത്തിന്റെ ഏഴാം വകുപ്പാണ് ബാധകമാകുക.ആ വകുപ്പ് പ്രകാരമാണ് കേസെങ്കില്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് തെളിയിക്കേണ്ട. പൊതുപ്രവര്‍ത്തകര്‍ മുന്‍കൂട്ടി ആവശ്യപ്പെട്ട പ്രകാരമാണ് കൈക്കൂലി വാങ്ങുന്നതെങ്കില്‍ അതേ നിയമത്തിലെ 13(1)ഡി(1),(2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കേണ്ടത്.രണ്ട് വ്യത്യസ്ത കൈക്കൂലി കേസുകളില്‍ സുപ്രീംകോടതിയുടെ രണ്ടു ബെഞ്ചുകള്‍ തെളിവ് സംബന്ധിച്ച് രണ്ട് വിരുദ്ധ വിധികള്‍ പുറപ്പെടുവിച്ചതിലെ ആശയക്കുഴപ്പം തീര്‍ക്കാനാണ് സുപ്രീംകോടതി വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടത്.