യുദ്ധത്തിന് ‘ക്രിസ്മസ് അവധി’ ഇല്ലെന്ന് റഷ്യ; യുക്രെയ്നിന്‍റെ സമാധാന നീക്കത്തിന് തിരിച്ചടി
കീവ്: 10 മാസം നീണ്ട യുദ്ധത്തിന് ‘ക്രിസ്മസ് അവധി’ നൽകാനുള്ള യുക്രെയ്നിന്‍റെ സമാധാന നീക്കത്തിന് തിരിച്ചടി. വെടിനിർത്തലിന് തയ്യാറല്ലെന്ന് റഷ്യ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധം അവസാനിപ്പിക്കാമെന്നുള്ള പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റത്.
യുദ്ധം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ ഒരു ചർച്ചയും നടക്കുന്നില്ല. ആഴ്ചകളോളം നീണ്ട സമാധാനത്തിനൊടുവിൽ ബുധനാഴ്ചയാണ് യുക്രെയ്ൻ തലസ്ഥാനമായ കീവീന് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തിയത്. അഡ്മിനിസ്ട്രേറ്റീവ് സെന്‍ററിലെ രണ്ട് പ്രധാന കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും വ്യോമപ്രതിരോധ സംവിധാനം ഇവയെ വലിയ തോതിൽ പ്രതിരോധിച്ചു. 13 ഡ്രോണുകൾ തകർക്കാൻ വ്യോമപ്രതിരോധ സംവിധാനത്തിന് കഴിഞ്ഞതായി യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു.
ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശത്തിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് യുദ്ധം ബാധിച്ചത്. ഇരു രാജ്യങ്ങളും കൃത്യമായ മരണസംഖ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.